കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി നടൻ സിദ്ദീഖ്, ആലുവയിലെ ഡോ. ഹൈദരലി എന്നിവരുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിലായിരുന്നു മൊഴിയെടുക്കൽ.
കേസിലെ മുഖ്യപ്രതി പൾസർ സുനി നടൻ ദിലീപിന് എഴുതിയ കത്ത് അടിസ്ഥാനമാക്കിയായിരുന്നു പ്രധാനമായും സിദ്ദീഖിന്‍റെ മൊഴിയെടുക്കൽ. കത്തിൽ സിദ്ദീഖിന്‍റെ പേര് സുനി പരാമർശിച്ചിരുന്നു. ദിലീപിന് അനുകൂലമായി സിദ്ദീഖ് ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഇക്കാര്യങ്ങളും ചോദിച്ചറിഞ്ഞു.
നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നില്ലെന്ന് ആദ്യം മൊഴി നൽകിയ ഡോ. ഹൈദരലി പിന്നീട് മൊഴി മാറ്റിയെന്ന ആരോപണം നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാനാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്.
എന്നാൽ, നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപിനെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസിനോട് അക്കാര്യമാണ് പറഞ്ഞിരുന്നതെന്നും ഡോ. ഹൈദരലി വ്യക്തമാക്കിയിരുന്നു. വിസ്താര സമയത്ത് കോടതിയിലും ഇതേ മൊഴിയാണ് ആവർത്തിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച നടൻ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മാതാപിതാക്കൾ, ദിലീപിന്റെ സഹോദരി എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കാവ്യ മാധവൻ, ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.