‘പടച്ചവൻ പ്രാർഥന കേട്ടു’; സിദ്ദീഖിന്‍റെ അറസ്റ്റ് തടഞ്ഞതിനു പിന്നാലെ മകൻ ഷഹീൻ

ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് മകൻ ഷഹീൻ സിദ്ദിഖ്. പടച്ചവൻ പ്രാർഥന കേട്ടെന്നായിരുന്നു ഷഹീൻ മാധ്യമങ്ങളോട് പറഞ്ഞത്.

നടിയുടെ പീഡന പരാതിയിൽ കോടതി സിദ്ദീഖിന് ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. കോടതി തീരുമാനം വലിയ ആശ്വാസം നൽകുന്നതല്ല. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ സംസാരിക്കാനാകില്ല. പ്രതികരിക്കാൻ പരിമിതികളുണ്ട്. വക്കീലുമായി സംസാരിച്ചിട്ട് കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഷഹീൻ വ്യക്തമാക്കി.

സിദ്ദീഖിന് ജാമ്യം നൽകുന്നതിനെതിരെ അതിജീവിതയുടെയും സംസ്ഥാന സർക്കാറിന്റെയും തടസ്സഹരജിയും കോടതിയുടെ മുന്നിലെത്തിയിരുന്നു. മുതിർന്ന അഭിഭാഷകനും മുൻ അറ്റോണി ജനറലുമായ മുകുൾ റോഹ്തകി സിദ്ദീഖിന് വേണ്ടിയും വൃന്ദ ഗ്രോവർ അതിജീവിതക്കുവേണ്ടിയും ഹാജരായി. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദീഖിന്റെ അഭിഭാഷകരോടു കോടതി നിർദേശിച്ചു. മലയാള സിനിമ സംഘടനകളായ ‘അമ്മ’യും ഡബ്ല്യു.സി.സിയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദീഖ് സുപ്രീംകോടതിയിലെ ഹരജിയിൽ പറഞ്ഞിരുന്നു. ശരിയായി അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചതെന്നും സിദ്ദീഖ് പറഞ്ഞിരുന്നു.

2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് യുവനടിയെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് കേസ്. കേസിൽ മുൻകൂർ ജാമ്യം തള്ളിയ ഹൈകോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു.

Tags:    
News Summary - Siddique son Shaheen on Supreme court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.