സിദ്ധാർത്ഥൻ

സിദ്ധാര്‍ഥന്‍റെ മരണം; പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കും

വൈത്തിരി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ബി.വി.എസ്.സി വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതികളായ 12 പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കും. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നീക്കം. കോളജ് യൂണിയൻ പ്രസിഡന്‍റും എസ്.എഫ്.ഐ സെക്രട്ടറിയും ഇതിലുൾപ്പെടും. കോളജ് യൂണിയൻ പ്രസിഡന്‍റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവർ ഒളിവിലാണ്.

സർവകലാശാല വിദ്യാർഥികളായ ആറ് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള 12 പേരിൽ പെടാത്തവരാണ് അറസ്റ്റിലായത്. ബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ (23), ഇടുക്കി സ്വദേശി അഭിഷേക് എസ് (23), തിരുവനന്തപുരം സ്വദേശി ആകാശ് എസ്.ഡി. (22), തൊടുപുഴ സ്വദേശി ഡോൺസ് ഡായി (23), തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് (20), തിരുവനന്തപുരം സ്വദേശി ശ്രീഹരി ആർ.ഡി (23) എന്നിവരെയാണ് കൽപ്പറ്റ ഡിവൈ.എസ്‍.പി ടി.എൻ. സജീവൻ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. എല്ലാവരും എസ്.എഫ്.ഐ പ്രവർത്തകരാണ്.

ചോദ്യം ചെയ്യാൻ വേണ്ടി എട്ടുപേരെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിൽ ആറു പേരെയാണ് അറസ്റ്റ് ചെയ്തത്. അന്യായമായി തടഞ്ഞുവെക്കൽ, അടിച്ചു പരിക്കേൽപിക്കൽ, റാഗിങ്ങ്, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടും.

പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്ന് സിദ്ധാർത്ഥന്‍റെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. കഴിഞ്ഞ 18നാണ് രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാർഥനെ ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കും മുമ്പ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 

Tags:    
News Summary - Sidharth death case lookout notice will be issued for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.