തിരുവനന്തപുരം: പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി. കണ്ണൂർ ജില്ലയിലാണ് ആദ്യം പഠനം നടത്തുക. കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടക്കുക. സംസ്ഥാനത്ത് കല്ലിടൽ ഏറ്റവും കൂടുതൽ പൂർത്തിയായത് കണ്ണൂരിലാണ്.
കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിൽ 19 വില്ലേജുകളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഒമ്പത് വില്ലേജുകളിൽ കല്ലിടൽ പൂർത്തിയായി. ആകെ 61.7 കിലോമീറ്റര്‍ ദൂരത്തിലാണ് ജില്ലയിലെ പാത.
കല്ലിടല്‍ പൂര്‍ത്തിയായത് 26.8 കിലോമീറ്ററിലും. 106.2005 ഹെക്ടർ ഭൂമിയാണ് കണ്ണൂർ ജില്ലയിൽ പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. സിൽവർലൈൻ കടന്നുപോകുന്ന 11 ജില്ലകളിലും കല്ലിടലിന് നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എല്ലാ ജില്ലകളിലും സ്പെഷൽ തഹസിൽദാർമാരെയും നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ വില്ലേജുകൾ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ, തൃശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി വില്ലേജുകളിൽ കല്ലിട്ടു. കാസർകോട് ജില്ലയിലെ ചെറുവത്തൂർ വില്ലേജിലും കല്ലിടൽ തുടങ്ങിയിരുന്നു.
ഒരു വർഷമെടുത്ത് സാമൂഹികാഘാത പഠനം പൂർത്തിയാക്കാനാണ് നിർദശേിച്ചിരിക്കുന്നത്. നിലവിൽ പാരിസ്ഥിതികാഘാത പഠനം പൂർത്തിയാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.