തിരുവനന്തപുരം: കല്ലിടൽ റവന്യൂ വകുപ്പ് തീരുമാനമാണെന്ന വാദങ്ങൾ പരസ്യമായി തള്ളി മന്ത്രിതന്നെ രംഗത്തെത്തിയോടെ ആരാണ് കല്ലിടാൻ നിർദേശം നൽകിയതെന്നതിൽ അവ്യക്തതയും ആശയക്കുഴപ്പവും തുടരുന്നു. കല്ലിടൽ തീരുമാനം റവന്യൂ വകുപ്പിന്റേതായിരിക്കാമെന്ന കെ- റെയിൽ നിലപാട് സംബന്ധിച്ച് വാർത്ത വന്നിരുന്നു. സർക്കാറിനുവേണ്ടി ഭൂമിയേറ്റെടുക്കാനുള്ള സർവിസ് ഏജൻസിയായി പ്രവർത്തിക്കുക എന്നതാണ് റവന്യൂ വകുപ്പ് കടമയെന്നും സ്ഥലവും അലൈൻമെന്റും ഏറ്റെടുക്കേണ്ട ഭൂമിയും നിശ്ചയിക്കേണ്ടത് ബന്ധപ്പെട്ട ഏജൻസിയാണെന്നും റവന്യൂ മന്ത്രി പറയുന്നു. കെ- റെയിലിലെ ഉത്തരവാദപ്പെട്ട തസ്തികയിലിരിക്കുന്ന ആളുകൾ ഉത്തരവാദരഹിതമായ അഭിപ്രായം പറഞ്ഞാൽ അവരുടെ നിലവാരത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ അതിന് മറുപടി കൊടുക്കുമെന്നുകൂടി രാജൻ പറഞ്ഞുവെച്ചു.
പിന്നാലെ റവന്യൂ വകുപ്പാണ് കല്ലിടൽ തീരുമാനിച്ചതെന്നതരത്തിലെ വാർത്തകളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന നിലപാടറിയിച്ച് കെ- റെയിലും രംഗത്തെത്തി. ഫലത്തിൽ ആര് പറഞ്ഞിട്ടാണ് കല്ലിടൽ നടക്കുന്നതെന്ന ചോദ്യമാണ് കല്ലുപോലെ കടുപ്പമേറുന്നത്. മന്ത്രിയുടെ പ്രതികരണത്തോടെ കല്ലിടലിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഉത്തരവാദിത്തങ്ങളിൽനിന്ന് റവന്യൂ വകുപ്പ് ഒഴിഞ്ഞുമാറുന്നു എന്നും വ്യക്തമായി.
ഏത് നിയമത്തിന്റെ പിൻബലത്തിലാണ് കല്ലിടൽ എന്ന ചോദ്യത്തിന് തുടക്കം മുതലേ കൃത്യമായി മറുപടി ഉണ്ടായിട്ടില്ല. ഹൈകോടതി ഡിവിഷൻ ബെഞ്ച് സർവേ തുടരാമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും രേഖകളെല്ലാം കോടതിയിൽ സമർപ്പിച്ചിരുന്നെന്നും വിശദവാദത്തിന് ശേഷമാണ് വിധി നൽകിയതെന്നുമാണ് കെ- റെയിൽ നിലപാട്. കല്ലിടൽ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലെന്ന് ആധികാരികമായി വിശദീകരിക്കാത്ത സാഹചര്യത്തിലാണ് ആശയക്കുഴപ്പമുണ്ടാകുന്ന പരസ്പര വിരുദ്ധമായ പരാർശങ്ങൾ.
ഭൂമി സര്‍വേക്ക് അതിരുകല്ല് സ്ഥാപിക്കണമെന്ന് കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടില്‍ പരാമര്‍ശമില്ല. ഭൂമി അടയാളപ്പെടുത്തി എന്തെങ്കിലും മാര്‍ക്കിങ് വേണമെന്ന് മാത്രം നിയമത്തില്‍ പറയവെയാണ് ഭൂമിയേറ്റെടുക്കലിന്റെ പ്രതീതി സൃഷ്ടിച്ചുള്ള കല്ലിടൽ. സാമൂഹിക ആഘാത പഠനം നടത്താന്‍ സര്‍വേ കല്ല് സ്ഥാപിക്കണമെന്നാണ് കെ- റെയിൽ വാദം. ദേശീയപാത വികസനത്തിനടക്കം ഇത്തരമൊരു നിബന്ധനയില്ലെന്നിരിക്കെയാണ് ബലം പ്രയോഗിച്ചുള്ള കല്ലിടൽ ശ്രമങ്ങൾ.
നടക്കുന്നത് സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടൽ -മന്ത്രി
'കല്ല് മാറ്റേണ്ടിവരുന്നെങ്കിൽ മാറ്റും'
തൃശൂർ: സിൽവർ ലൈനിനായി ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടൽ മാത്രമാണെന്നും പദ്ധതി ഏജൻസി നിർദേശിക്കുന്നതനുസരിച്ചാണ് പ്രവൃത്തികൾ നടക്കുന്നതെന്നും മന്ത്രി കെ. രാജൻ. ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്രം പുറപ്പെടുവിച്ച നിയമമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. സാമൂഹികാഘാത പഠനം നടത്തുന്നതിന് ആദ്യം അതിന്റെ മേഖല നിശ്ചയിക്കണം. അതിന് അതിരടയാളങ്ങൾ ഇടേണ്ടിവരും. അതനുസരിച്ചാണ് എത്ര ഭൂമി ഏറ്റെടുക്കേണ്ടിവരും, ഭൂമിയിൽ കടകൾ, മരങ്ങൾ തുടങ്ങി വസ്തുവകകൾ എന്തൊക്കെ എന്നൊക്കെ കണ്ടെത്തുക.
സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ഇപ്പോഴുള്ള അതിരടയാളങ്ങളിലൂടെ അന്വേഷണം നടത്തി അത് രേഖപ്പെടുത്തും. പൊതു അഭിപ്രായ ശേഖരണംകൂടി നടത്തിയ ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുക. ആ റിപ്പോർട്ട് പഠിക്കാനും പരിശോധിക്കാനുമായി വിദഗ്ധ സമിതിയെ നിയോഗിക്കും. വിദഗ്ധ സമിതി പരിശോധിച്ച ശേഷം അഭിപ്രായ വ്യത്യാസങ്ങളുണ്ടോയെന്ന് രേഖപ്പെടുത്തും. അഭിപ്രായ വ്യത്യാസങ്ങൾകൂടി പഠിച്ച് മാറ്റേണ്ടതുണ്ടെങ്കിൽ മാറ്റേണ്ടത് ഏജൻസിയാണ്. ഇതിനു ശേഷമാണ് ഇത് അംഗീകരിച്ച് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കുക. അപ്പോഴാണ് ഭൂമി നിർദിഷ്ട പദ്ധതിയിൽ ഉൾപ്പെടുക. -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.