കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത സർവേ നീട്ടിവെക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്യുന്ന സർക്കാറിന്റെ രണ്ടാമത്തെ അപ്പീൽ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. വിവിധ ജില്ലകളിലെ പദ്ധതി പ്രദേശത്തുനിന്നുള്ളവർ സർവേക്കെതിരെ നൽകിയ ഹരജിയിൽ സർവേ തടഞ്ഞ് ഫെബ്രുവരി ഏഴിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാറിന്റെ അപ്പീൽ.
സർവേ തടഞ്ഞ് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരായ ആദ്യ അപ്പീലിൽ ഈ ഉത്തരവ് റദ്ദാക്കിയും സർവേ തുടരാൻ അനുമതി നൽകിയും ഫെബ്രുവരി 14ന് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി ഏഴിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കുമെന്ന സൂചനയും ഡിവിഷൻ ബെഞ്ച് വാക്കാൽ നൽകി.
കേരളത്തിന്റെ വടക്ക്-തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട സർവേ നടപടികൾ സിംഗിൾ ബെഞ്ച് തടയരുതായിരുന്നുവെന്ന് സർക്കാറിന്റെ അപ്പീലിൽ പറയുന്നു. സർവേ വിലക്കിയ ഉത്തരവിനെതിരെ ആദ്യം നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റിയ വിവരം സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നിട്ടും റെയിൽവേ ബോർഡിന്റെയും കേന്ദ്ര സർക്കാറിന്റെയും വാദങ്ങളുടെ അടിസ്ഥാനത്തിൽ സിംഗിൾ ബെഞ്ച് 18 വരെ സർവേ നടപടികൾ തടഞ്ഞ് വീണ്ടും ഉത്തരവിടുകയായിരുന്നുവെന്ന് ഹരജിയിൽ പറയുന്നു. ഇതിനിടെ, അപ്പീൽ ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റിയ പശ്ചാത്തലത്തിൽ സിംഗിൾ ബെഞ്ച് ഇത് സംബന്ധിച്ച ഹരജികൾ പരിഗണിക്കുന്നത് 10 ദിവസത്തേക്ക് മാറ്റി. അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റിയതായി സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റിയത്.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് കോടതി എതിരല്ലെന്നും ധിറുതി അപൂർണതയുണ്ടാക്കുമെന്നും ഒരിക്കൽ സർക്കാർ അത് തിരിച്ചറിയുമെന്നും കേസ് പരിഗണനക്കെടുത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. സർക്കാർ മനപ്പൂർവം മറച്ചുവെച്ച കാര്യങ്ങളിലാണ് വിവരങ്ങൾ തേടിയത്. നടപടികൾ നിയമ പ്രകാരമായിരിക്കണം. ഏതെങ്കിലും ഘട്ടത്തിൽ അലൈൻമെന്റിൽ മാറ്റം വന്നാൽ, ഉണ്ടായ ചെലവിന് ആരെങ്കിലും ഉത്തരവാദികളാകേണ്ടിവരുമെന്നും കോടതി പറഞ്ഞു. എന്നാൽ, വിവരങ്ങൾ സർക്കാർ മറച്ചുവെക്കുന്നില്ലെന്ന് സ്പെഷൽ ഗവ. പ്ലീഡർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.