തൃശൂർ: ഇസ്‌ലാം മതം സ്വീകരിച്ച ഇ.സി സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജിയുടെ മൃതദേഹം ഇസ്‌ലാമിക നിയമപ്രകാരം സംസ്‌കരിക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ജില്ലാ കലക്ടറില്‍ നിന്നും ഹൈക്കോടതി വിശദീകരണം തേടി. മൃതദേഹവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരണമെന്നും മൃതദേഹത്തെ സംരക്ഷിക്കണമെന്നും അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കൊടുങ്ങല്ലൂര്‍ കാര മതിലകം മഹല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ മജീദ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
സ്‌കൂള്‍ അധ്യാപകനും ബൈബിള്‍ പണ്ഡിതനമായ സൈമണ്‍ മാസ്റ്റര്‍ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നതായി ഹരജി പറയുന്നു. ഇസ്‌ലാം സ്വീകരിച്ച ശേഷം ഇ.സി മുഹമ്മദ് എന്ന പേര് സ്വീകരിച്ചു. ഹജ്ജ് തീര്‍ത്ഥാടനത്തിന് ശേഷം മുഹമ്മദ് ഹാജിയെന്നാണ് അറിയപ്പെട്ടിരുന്നത്. മഹല്ല് കമ്മിറ്റിയില്‍ അംഗത്വവും നേടി.
തന്റെ മൃതദേഹം ഇസ്‌ലാമിക നിയമപ്രകാരം കാര മതിലകം മഹല്‍ ജമാഅത്ത് പള്ളി ഖബറിസ്ഥാനില്‍ സംസ്‌കരിക്കണമെന്ന് 2000 സെപ്റ്റംബര്‍ എട്ടിന് സൈമണ്‍ മാസ്റ്റര്‍ രേഖാമൂലം എഴുതിയിരുന്നതായി ഹരജി പറയുന്നു. എന്നാല്‍ ചികില്‍സയിലിരിക്കെ 2018 ജനുവരി 27ന് അദ്ദേഹം മരിച്ചു. ചികില്‍സാ കാലത്ത് അദ്ദേഹത്തിന് ഓര്‍മ കുറവുണ്ടായിരുന്നു. ഈ സന്ദര്‍ഭം മുതലെടുത്ത് എതിര്‍കക്ഷികളായ ഭാര്യയും മക്കളും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിന് നല്‍കണമെന്ന് സൈമണ്‍ മാസ്റ്റര്‍ പറഞ്ഞതായി ഒരു രേഖ വ്യാജമായി പടച്ചുണ്ടാക്കിയതായി ഹരജിക്കാരന്‍ ആരോപിക്കുന്നു. ഓര്‍മയുള്ള കാലത്ത് സൈമണ്‍ മാസ്റ്റര്‍ തയ്യാറാക്കിയ രേഖയിലെ കൈയ്യക്ഷരം പോലുമല്ല വീട്ടുകാര്‍ പുതുതായി കൊണ്ടുവന്ന രേഖയിലുള്ളത്. മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കിയ ഉടന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ഹരജി പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.