ദേശസ്നേഹം ആയുധമാക്കി ഫാഷിസം നടപ്പാക്കാനുള്ള ശ്രമം ചെറുക്കണം –ടി. ആരിഫലി

മലപ്പുറം: ദേശസ്നേഹവും ദേശീയതയും ആയുധമാക്കി രാജ്യത്ത് ഫാഷിസം നടപ്പാക്കാനുള്ള നീക്കങ്ങളെ വിദ്യാര്‍ഥി സമൂഹം ചെറുത്തുതോല്‍പ്പിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ ടി. ആരിഫലി. എസ്.ഐ.ഒ ദേശീയ, സംസ്ഥാന നേതാക്കള്‍ക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മത, ജാതി, സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സഹവര്‍ത്തിത്വത്തിന്‍െറ ആത്മാവ് കെടുത്തിക്കളയാനുള്ള ഗൂഢനീക്കങ്ങള്‍ രാജ്യവ്യാപകമായി നടക്കുന്നുണ്ട്. കൊടിഞ്ഞിയിലെ ഫൈസലിന്‍െറ വധം ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. ധ്രുവീകരണങ്ങള്‍ക്കെതിരായ കാമ്പസുകളിലെ പോരാട്ടങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഭോപാലിലായാലും നിലമ്പൂര്‍ കാട്ടിലായാലും മൗലികാവകാശങ്ങള്‍ ലംഘിക്കാനുള്ള ഭരണകൂട ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്റാഹിം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് എസ്.ഐ.ഒയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി അലിഫ് ശുക്കൂര്‍, നിയുക്ത എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് നഹാസ് മാള, ജനറല്‍ സെക്രട്ടറി ഖലീഖ് അഹമ്മദ്ഖാന്‍ ഫാസില്‍, സെക്രട്ടറി അബ്ദുല്‍ വദൂദ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ പി. മുജീബ് റഹ്മാന്‍ സമാപന പ്രസംഗം നടത്തി. എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് കെ.പി. അജ്മല്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി മലപ്പുറത്ത് ദേശീയ-സംസ്ഥാന നേതാക്കളെ സ്വീകരിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

 

Tags:    
News Summary - sio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.