സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളി

കൽപ്പറ്റ: എഫ്‌.സി.സി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളി. സൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവെച്ചു.

നേരത്തെ ലൂസി കളപ്പുരയെ വത്തിക്കാന്‍ സന്യാസി സമൂഹത്തില്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് വത്തിക്കാനിലെ സഭാ കോടതിയില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. ഇതും ഇപ്പോള്‍ തള്ളിയിരിക്കുകയാണ്.

അതേസമയം, അപ്പീൽ തള്ളിയതായി തൻ്റെ അഭിഭാഷകൻ ഇതുവരെ അറിയിച്ചിട്ടില്ലെന്നും ദിവസങ്ങൾക്ക് മുൻപുള്ള കത്താണ് അധികൃതർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നും ലൂസി കളപ്പുര അറിയിച്ചു. തന്നോട് വവിശദീകരണം ചോദിക്കുകയോ തന്‍റെ ഭാഗം കേൾക്കുകയോ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. 

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്‌.സി.സി സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. എറണാകുളത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതു മുതല്‍ സിസ്റ്റര്‍ കോണ്‍വെന്‍റിൽ പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു.

സഭയുടെ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്ന കുറ്റം ചുമത്തി സിസ്റ്ററെ സന്യാസി സഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു. തന്റെ ഭാഗം കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ടാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിസ്റ്ററുടെ അപ്പീല്‍ തള്ളിയിരിക്കുന്നത്.

Tags:    
News Summary - Sister Lucy's appeal again rejected by the Vatican

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.