കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരക്കലിന് വയനാട് കാരക്കമല എഫ്.സി.സി കോൺവൻറിലെ താമസം തുടരാനാവുമോയെന്നത് സംബന്ധിച്ച തീരുമാനം മാനന്തവാടി മുനിസിഫ് കോടതിക്ക് വിട്ട് ഹൈകോടതി. വിഷയം കീഴ്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ ഹൈകോടതി തീരുമാനമെടുക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ വ്യക്തമാക്കി.
ഒരാഴ്ചക്കകം ഹരജിക്കാരിയോ എതിർ കക്ഷികളോ ഈ ആവശ്യമുന്നയിച്ച് കീഴ്കോടതിയിൽ അപേക്ഷ നൽകിയാൽ മൂന്നാഴ്ചക്കകം തീർപ്പുണ്ടാക്കണമെന്ന നിർദേശിച്ച കോടതി, പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്ന സിസ്റ്റർ ലൂസിയുടെ ഹരജി തീർപ്പാക്കി.
വികാരിയുടെ താമസസ്ഥലത്തിനും കാരക്കാമല എഫ്.സി കോൺവൻറിെൻറയും സമീപത്തെ 2020 മേയ് 20ന് മുമ്പുള്ള 45 ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കാൻ പൊലീസിന് നിർദേശം നൽകണമെന്ന ആവശ്യവും ഹരജിക്കാരി ഉന്നയിച്ചിരുന്നു. എന്നാൽ, കേസ് അന്വേഷിക്കേണ്ട രീതി പൊലീസിനോട് നിർദേശിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
കോൺവെൻറിൽതന്നെ തുടരുന്നപക്ഷം ഹരജിക്കാരിക്ക് പൊലീസ് സംരക്ഷണം നൽകാനാവില്ല. അവർ അവിടെ തുടരുന്നത് തർക്കം രൂക്ഷമാക്കാനേ ഇടയാക്കൂ. മറ്റ് അന്തേവാസികളുമായുള്ള ഹരജിക്കാരിയുടെ ബന്ധം വളരെ മോശമാണെന്ന് ഹരജിയിലെ ആരോപണങ്ങളിൽനിന്നുതന്നെ വ്യക്തമാണ്. തിരമാലകൾക്കെതിരെയാണ് സിസ്റ്റർ ലൂസി നീന്തുന്നത്. അതിനാൽ അവരുടെ പ്രവൃത്തി വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, രണ്ട് ഭാഗവും ഉയർത്തുന്ന വാദത്തിെൻറ സത്യാവസ്ഥ ഇത്തരമൊരു ഹരജിയിൽ വിലയിരുത്താനാകില്ല.
കാരക്കമല എഫ്.സി കോൺവെൻറ് ഒഴികെ എവിടെ താമസിച്ചാലും ആവശ്യപ്പെടുന്നപക്ഷം നിജസ്ഥിതി പരിശോധിച്ച് പൊലീസ് സംരക്ഷണം നൽകണം. അന്വേഷണത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽ ഉന്നയിക്കാം. മുൻസിഫ് കോടതിയുടെ തീരുമാനം രണ്ട് കക്ഷികളും അംഗീകരിക്കണമെന്നും പാലിക്കാത്തപക്ഷം കോടതിയെ സമീപിച്ച് നടപ്പാക്കണമെന്നും ൈഹകോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.