ന്യൂഡൽഹി: എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയിൽ ചർച്ചയായില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.
ചർച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിക്ക് തുടർ തീരുമാനമെടുക്കാം. വിവാദങ്ങൾ പരിഹരിക്കാനുള്ള ശേഷി സി.പി.എം കേരള ഘടകത്തിനുണ്ട്. ജനുവരി 9, 10 തീയതികളിൽ സംസ്ഥാന കമ്മിറ്റി ചേരുമെന്നും യെച്ചൂരി പറഞ്ഞു.
ജയരാജനെതിരായ പരാതികളൊന്നും കേന്ദ്ര കമ്മിറ്റിക്ക് മുമ്പിൽ എത്തിയിട്ടില്ല. ഗവർണറുടെ ബില്ലുകൾ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് കഴിഞ്ഞ ദിവസം നടന്നതെന്നും യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് വിവാദത്തിൽ പ്രതികരിക്കാതെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറിയിരുന്നു. ജയരാജനെതിരായ വിവാദം സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ പിണറായിയോട് മാധ്യമപ്രവർത്തകർ വിഷയത്തിൽ പ്രതികരണം ആരാഞ്ഞത്.
ജയരാജൻ വിഷയം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിനാണ് 'ഡൽഹിയിൽ തണുപ്പ് എങ്ങനെയുണ്ട്' എന്ന് നേർത്ത ചിരിയോടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളുടെ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തരോട് വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.