കൊച്ചി: ശിവഗിരി ധർമസംഘം ട്രസ്റ്റ് ഭരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകെൻറയും മേൽനോട്ട സമിത ിയുെടയും ചുമതല ഹൈകോടതി ഒഴിവാക്കി. ട്രസ്റ്റ് ഭരണത്തിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി മേൽനോട്ടസമിതി (മോ ണിറ്ററിങ് കമ്മിറ്റി) പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാമി സുകൃതാനന്ദ, സ്വാമി കൃഷ്‌ണാനന്ദ, സ്വാമി അ നപേക്ഷണാനന്ദ എന്നിവർ നൽകിയ ഉപഹരജി തള്ളിയാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ട്രസ്റ്റിലെ കെടുകാര്യസ്ഥതയും മറ്റുവിഷയങ്ങളും ആറ്റിങ്ങൽ സബ് കോടതിയിൽ ഉന്നയിക്കാം.
ധർമസംഘം ട്രസ്റ്റിെൻറ ഭരണകാര്യങ്ങൾ നിരീക്ഷിക്കാൻ 2017 ജനുവരി 31നാണ് മുൻ ഹൈകോടതി ജസ്റ്റിസ് ടി.വി. രാമകൃഷ്‌ണനെയും 2017 സെപ്റ്റംബർ 26ന് മുൻ ഹൈകോടതി ജസ്റ്റിസ് എൻ.കെ. ബാലകൃഷ്‌ണൻ ചെയർമാനായ മൂന്നംഗ താൽക്കാലിക മേൽനോട്ട സമിതിയെയും നിയോഗിച്ചത്. എന്നാൽ, മേൽനോട്ട സമിതിയെ സ്ഥിരമായി നിലനിർത്തുന്നത് ഭരണത്തിലെ അപാകതകൾ പരിഹരിക്കാനുള്ള വഴിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രസ്റ്റിെൻറ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനൊപ്പം ഉപദേശങ്ങൾ നൽകാനാണ് നിരീക്ഷണസമിതിയെ നിയോഗിച്ചതെന്നും ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജനാധിപത്യപരമായി െതരഞ്ഞെടുക്കപ്പെട്ട ശിവഗിരി ട്രസ്റ്റ് ബോർഡിനും എക്സിക്യൂട്ടിവ് അംഗങ്ങൾക്കും ട്രസ്റ്റിെൻറ സൽപേരും മേന്മയും സംരക്ഷിക്കാൻ ഉത്തരവാദിത്തമുണ്ട്. അവർ അത് വേണ്ടവിധം നിർവഹിക്കുന്നില്ലെങ്കിൽ ഹരജിക്കാർക്ക് കീഴ്കോടതിയെ സമീപിച്ച് പരിഹാരം കാണാം. സാമൂഹികപരിഷ്കർത്താവും ആത്മീയാചാര്യനുമായ ശ്രീനാരായണഗുരുവിെൻറ ശിഷ്യന്മാരും അനുയായികളും തുടരുന്ന നിയമപോരാട്ടങ്ങളിൽ വേദനയുണ്ടെന്ന് ഉത്തരവിൽ കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഗുരുവിെൻറ ആധ്യാത്മിക-സാമൂഹിക ദർശനങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇവർക്ക് കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. നാല് ഡിവിഷൻ ബെഞ്ച് പരിഗണിച്ച ഹരജി അഞ്ചാമത്തെ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ട് വിധി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.