തിരുവനന്തപുരം: ഈ വർഷത്തെ ശിവഗിരി തീർഥാടനം ഡിസംബർ 15 ന് തുടങ്ങി 2025 ജനുവരി അഞ്ച് വരെയായിരിക്കും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വർധിച്ച പങ്കാളിത്തം കണക്കിലെടുത്താണ് ഇത്തവണ ദിവസങ്ങൾ വർധിപ്പിച്ചതെന്ന് വി. ജോയി എം.എൽ.എ അറിയിച്ചു. തീർഥാടനത്തിനു മുന്നോടിയായി ശിവഗിരിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ പങ്കെടുത്ത മുന്നൊരുക്ക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുടനീളമുള്ള തീർഥാടകർക്ക് ഇതിൽ സൗകര്യ പ്രദമായ ഒരു ദിവസം എത്തി ശിവഗിരിയിലെ വിശേഷ പൂജകളിലും മറ്റും സംബന്ധിക്കാൻ ഇതു വഴിയൊരുക്കുമെന്നും എം.എൽ.എ പറഞ്ഞു. പതിവുപോലെ തീർത്ഥാടനത്തിൻറെ ഏറ്റവും പ്രധാന ദിവസങ്ങളായ ഡിസംബർ 30, 31, 2025 ജനുവരി ഒന്ന് ദിവസങ്ങളിൽ ലക്ഷകണക്കിന് തീർത്ഥാടകരാവും എത്തിച്ചേരുക. ആ ദിവസങ്ങളിലെ തിരക്കുകൾ ഒഴിവാക്കുകയാണ് തീർഥാടന ദിവസങ്ങൾ വർധിപ്പിച്ചതു കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
ആരോഗ്യം, പൊലിസ്, പി.ഡബ്യൂ.ഡി, വൈദ്യുതി അടക്കമുള്ള പ്രധാനപ്പെട്ട വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. തീർഥാടനത്തിനു മുന്നോടിയായി ഓരോ വകുപ്പുകളും സ്വീകരിക്കേണ്ടുന്ന നടപടികളെ സംബന്ധിച്ച് യോഗത്തിൽ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ശിവഗിരി ധർമ്മ സംഘം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, തീർഥാടന കമ്മിറ്റി സെക്രട്ടറി ഋതംബരാനന്ദ സ്വാമി, വി. ജോയി എം.എൽ.എ, അടൂർ പ്രകാശ് എം.പി, നഗരസഭാ ചെയർമാൻ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിത സുന്ദരേശൻ, കലക്ടർ അനുകുമാരി, അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ടി.കെ. വിനീത്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.