കൊച്ചി: സ്വർണക്കടത്തിലും ലൈഫ് പദ്ധതിയിലും ഇടനിലക്കാരനായി നിന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) വിലയിരുത്തൽ.
അന്വേഷണ ഏജൻസികളുടെ നടപടി സസൂക്ഷ്മം വിലയിരുത്തി തന്ത്രപരമായിരുന്നു അദ്ദേഹത്തിെൻറ ഓരോ നീക്കവുമെന്ന് ഇതുവരെ ശേഖരിച്ച തെളിവുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ അധികാരം ഒരേസമയം സ്വന്തം താൽപര്യങ്ങൾക്ക് മറയാക്കുകയും സംശയമുന തന്നിലേക്ക് നീളാതിരിക്കാൻ ആസൂത്രിതമായി കരുക്കൾ നീക്കുകയുമാണ് ചെയ്തത്.
ശിവശങ്കറിന് വിദേശത്ത് ബിനാമി ഇടപാടുള്ളതായി സൂചന ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ തുക ഉൾപ്പെടെയാണോ സ്വപ്ന സുരേഷ് വിദേശത്തേക്ക് 1.90 ലക്ഷം ഡോളർ കടത്തിയത് എന്നാണ് പരിശോധിക്കുന്നത്.
ലൈഫ് പദ്ധതിയുടെ നിർമാണക്കരാർ ലഭിക്കാൻ പാരിതോഷികമായി നൽകിയെന്ന് യൂനിടാക് ഉടമ സന്തോഷ് ഈപ്പൻ പറഞ്ഞ അഞ്ച് ഐ ഫോണിൽ ഒന്ന് ശിവശങ്കർ ഉപയോഗിക്കുന്നതായും കണ്ടെത്തി. പലർക്കായി സമ്മാനിക്കാൻ ഫോൺ സന്തോഷിനോട് ആവശ്യപ്പെട്ടത് സ്വപ്നയാണ്.
ഒരുലക്ഷം രൂപ വീതം വിലയുള്ള ഇവ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ഇ.ഡി ശ്രമം തുടരുന്നു. ലൈഫ് ഇടപാടിലും പങ്ക് വ്യക്തമായതോടെ സി.ബി.ഐയും ശിവശങ്കറെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.
സ്വർണക്കടത്ത് കേസിൽ അന്വേഷണം മുറുകിയതോടെ സ്വന്തം നില സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശിവശങ്കർ പിൻവലിയുകയായിരുന്നു. കുടുങ്ങുമെന്ന സംശയമാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.