കൊച്ചി: സസ്പെൻഷനിലായിരുന്ന കാലയളവ് സർവിസിന്‍റെ ഭാഗമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസ് പ്രതിയുമായ എം. ശിവശങ്കർ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ (സി.എ.ടി) ഹരജി നൽകി.
സ്വർണക്കടത്ത് കേസിൽ സസ്പെൻഡ് ചെയ്ത നടപടി നിയമവിരുദ്ധമായതിനാൽ ഈ ഉത്തരവുകൾ റദ്ദാക്കി കാലയളവ് സർവിസായി കണക്കാക്കണമെന്നാണ് ആവശ്യം. സർക്കാർ, ചീഫ് സെക്രട്ടറി, ജനറൽ അഡ്മിനിസ്ട്രേഷൻ സെക്രട്ടറി എന്നിവരോട് വിശദീകരണം തേടിയ ട്രൈബ്യൂണൽ ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
സ്വർണക്കടത്ത് കേസിൽ ആദ്യ ഘട്ടത്തിൽ പ്രതിയല്ലാതിരുന്ന തന്നെ സ്വപ്ന സുരേഷിന്‍റെ തെറ്റായ മൊഴിയെ തുടർന്നാണ് പ്രതിയാക്കിയതെന്ന് ഹരജിയിൽ പറയുന്നു. ഇ.ഡി അറസ്റ്റിനെ തുടർന്ന് കസ്റ്റംസ് കേസെടുത്തു. അതേസമയം എൻ.ഐ.എ കേസിൽ പ്രതിയല്ല.
താനും കൂടി പങ്കാളിയായ മാധ്യമ വിചാരണയുടെയും ബാഹ്യ സമ്മർദത്തിന്റെയും തുടർച്ചയായി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുമുണ്ട്. തന്‍റെ ഭാഗം കേട്ടില്ല.
സ്വയം വിരമിക്കാനുള്ള അപേക്ഷയും അച്ചടക്ക നടപടിയുടെ പേരിൽ തള്ളി. 2023 ജനുവരിയിലാണ് സർവിസ് അവസാനിക്കുന്നത്. അതിനു മുമ്പ് സസ്പെൻഷൻ കാലാവധി റദ്ദാക്കി സർവിസായി കണക്കാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.