മലബാറിൽ ഇത്തവണ കടുപ്പമേറിയ പോരാട്ടമാണ്. എൽ.ഡി.എഫ് വിജയപ്രതീക്ഷ പുലർത്തുന്ന ചുരക്കം നാല് മണ്ഡലങ്ങൾ മലബാർ മേഖലയിലാണെന്നതാണ് ശ്രദ്ധേയം. പാലക്കാടും ആലത്തൂരും കണ്ണൂരും വടകരയും ഇത്തവണ കൂടെ നിൽക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.
കോഴിക്കോടും വയനാടും മലപ്പുറവും പൊന്നാനിയും കാസർകോടും നിലനിർത്തുമെന്ന കാര്യത്തിൽ യു.ഡി.എഫിനും സംശയമില്ല. അതേസമയം, എൽ.ഡി.എഫ് പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങൾ ജയം എളുപ്പമാണെന്ന് അവരും കരുതുന്നില്ല. എന്നുവെച്ചാൽ, ഈ മണ്ഡലങ്ങളിൽ തീപാറും പോരാട്ടമാണ് നടക്കുന്നത്. അടിയൊഴുക്കുകളിൽ എന്തും സംഭവിക്കാം.
പാലക്കാട് എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയാണെന്നതും പാർട്ടി മെഷിനറിയുടെ ചിട്ടയാർന്ന പ്രചാരണ പ്രവർത്തനങ്ങളും എ. വിജയരാഘവന് അനുകൂല ഘടകമാണ്. അതേസമയം, മറ്റു മണ്ഡലങ്ങളിലെന്ന പോലെ ദുർബലമായ സംഘടന സംവിധാനത്തിന്റെ പരിമിതിയുണ്ടെങ്കിലും വ്യക്തിഗത മികവിലാണ് സിറ്റിങ് എം.പി വി.കെ. ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.
നാട്ടുകാരനെന്നതും ഇടപഴകലിലെ ജനകീയതയും ശ്രീകണ്ഠന്റെ ആകർഷ ഘടകമാണ്. ഇതോടൊപ്പം ഭരണവിരുദ്ധ വികാരം കൂടിയാകുമ്പോൾ സീറ്റ് നിലർത്താനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. പ്രചാരണ ഘട്ടത്തിൽ ഒരു പണത്തൂക്കം മുന്നിൽ എ. വിജയരാഘനാണെങ്കിലും ഫലം പ്രവചനാതീതമാണ്.
ആലത്തൂർ പിടിക്കാൻ മന്ത്രി കെ. രാധാകൃഷ്ണനെ തന്നെ രംഗത്തിറക്കിയതോടെ എൽ.ഡി.എഫ് തുടക്കം മുതൽ അമിത പ്രതീക്ഷയിലാണ്. പാർലമെന്റ് അംഗമെന്ന നിലയിൽ രമ്യ ഹരിദാസന്റെ പ്രകടനം വിലയിരുത്തിയും കെ. രാധാകൃഷന്റെ വ്യക്തിഗത മികവും മുന്നിർത്തി പ്രവചിക്കുകയാണെങ്കിൽ സീറ്റ് എൽ.ഡി.എഫിന് പോകേണ്ടതാണ്.
എന്നാൽ, പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിലുണ്ടായ ഓളം നിലനിർത്താൻ അവസാന ലാപ്പിൽ രാധാകൃഷ്ണനായിട്ടില്ല. രാധാകൃഷ്ണൻ നിലവിൽ മന്ത്രിയാണെന്നതും അത് ഒഴിവാക്കി പാർലമെന്റിലേക്ക് പോകുന്നത് നഷ്ടക്കച്ചവടമാണെന്നും ചിന്തിക്കുന്ന ഇടത് അനുഭാവികളുടെ വോട്ട് രമ്യ ഹരിദാസന് മറിയുകയും ഭരണവിരുദ്ധ തരംഗമുണ്ടാവുകയും ചെയ്താൽ ചെറിയ ഭൂരിപക്ഷത്തിൽ രമ്യ ഹരിദാസ് രക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്.
മലപ്പുറത്ത് നാട്ടുകാരനെന്ന അനുകൂല ഘടകം മുൻനിർത്തി ഇ.ടി. മുഹമ്മദ് ബഷീർ നിലവിലെ ഭൂരിപക്ഷം മറികടക്കുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ എൽ.ഡി.എഫ് സ്ഥാനാർഥി വി. വസീഫ് യുവത്വത്തിന്റെ തിളപ്പിൽ നടത്തിയ പ്രചാരണ പ്രവർത്തനങ്ങളിലൂടെയും സമസ്തയിലെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെയും വോട്ട് വർധനവാണ് എൽ.ഡി.എഫ് പ്രതീക്ഷ.
ശ്രദ്ധേയ മത്സരം നടക്കുന്ന പൊന്നാനിയിൽ കെ.എസ്. ഹംസ മറ്റൊരു കെ.ടി. ജലീൽ ആകുമോ എന്ന ആകാംക്ഷയുണ്ടെങ്കിലും അട്ടിമറിക്കുള്ള സാധ്യത കുറവാണ്. സമസ്തയിലെ ഒരുവിഭാഗത്തിന്റെ പിന്തുണയിൽ ഹംസ പ്രചാരണം കൊഴുപ്പിക്കുന്നുണ്ടെങ്കിലും വഴുതിപ്പോവാതിരിക്കാൻ പഴുതടച്ച പ്രവർത്തനമാണ് അബ്ദുസ്സമദ് സമദാനിക്കായി ലീഗ് നടത്തുന്നത്.
വയനാടിൽ ജയസാധ്യതയെക്കുറിച്ച വിലയിരുത്തലിന് പ്രസക്തിയില്ല. രാഹുൽ ഗാന്ധിക്ക് കഴിഞ്ഞതവണത്തെ ഭൂരപക്ഷം കുറയുമോ എന്ന് ചോദ്യമുയരുന്നതിന് കാരണം കരുത്തയായ സ്ഥാനാർഥി ആനിരാജയുടെ സാന്നിധ്യമാണ്. എന്നാൽ, രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ആക്രമണവും ഒടുവിൽ പി.വി. അൻവർ എം.എൽ.എയുടെ വ്യക്തി അധിക്ഷേപവും ഇതിന് മുഖ്യമന്ത്രി കൈയ്യൊപ്പ് ചാർത്തിയതുമെല്ലാം രാഹുലിന് അനുകൂല ഘടകങ്ങളായി മാറുന്നതാണ് അവസാന കാഴ്ച.
മുതിർന്ന നേതാവ് എളമരം കരീമിനെ രംഗത്തിറക്കി കോഴിക്കോട് മണ്ഡലം കൈവശപ്പെടുത്താൻ എൽ.ഡി.എഫ് പതിനെട്ടടവും പയറ്റുന്നുണ്ടെങ്കിലും എം.കെ. രാഘവന്റെ ജനകീയ മുഖം ശക്തമായ വെല്ലുവിളിയാണ്. പ്രതീക്ഷ വെച്ചുപുലർത്തുന്ന ന്യൂനപക്ഷ വോട്ടുകൾ കരീമിന് പെട്ടിയിലാക്കാൻ സാധിച്ചില്ലെങ്കിൽ രാഘവന് നാലാം തവണയും പാർലമെന്റിലെത്താം.
ഷാഫി പറമ്പിലിന്റെ അപ്രതീക്ഷിത അരങ്ങേറ്റത്തിൽ അന്തരീക്ഷം തന്നെ മാറിയ വടകര കീഴടക്കൽ അത്ര എളുപ്പമല്ലെന്ന് ഇപ്പോൾ എൽ.ഡി.എഫ് ക്യാമ്പും അടക്കം പറയുന്നു. കെ.കെ. ശൈലജയുടെ വ്യക്തി പ്രഭാവത്തിന്റെ മികവിൽ മാത്രം മണ്ഡലം തിരിച്ചു പിടിക്കാൻ എൽ.ഡി.എഫിന് കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് വിവിധ കോണുകളിൽ ഷാഫിയുണ്ടാക്കിയ സ്വാധീനം.
ഇത് തിരിച്ചറിഞ്ഞ് പ്രചാരണം വ്യക്തിഹത്യയിലേക്ക് വഴിതിരിച്ചുവിട്ടതും കെ.കെ. ശൈലജക്ക് വിനയായി. അവസാന വിശകലനത്തിൽ ഒരുപണത്തൂക്കമെങ്കിലും ഷാഫി മുന്നിലാണെന്നതാണ് അവസ്ഥ.
കണ്ണൂരിൽ കെ. സുധാകരൻ കിതക്കുകയാണ്. പഴുതടച്ച പ്രചാരണത്തിലൂടെ തുടക്കം മുതൽ എം.വി. ജയരാജൻ പുലർത്തുന്ന ആധിപത്യം മണ്ഡലത്തിലെ സുധാകരന്റെ വ്യക്തിഗത സ്വാധീനത്തിന്റെ മികവിൽ മറികടക്കാനായില്ലെങ്കിൽ മണ്ഡലം യു.ഡി.എഫിന് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതേസമയം, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരത്തിന്റെ സാധ്യതയിലാണ് സുധാകരന്റെ പ്രതീക്ഷ.
കാസർകോട് മത്സരം ശക്തമാണെങ്കിലും രാജ്മോഹൻ ഉണ്ണിത്താൻ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. ഭരണതലത്തിലെ പല നടപടികളിലും ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള അതൃപ്തി എൽ.ഡി.എഫിലെ എം.വി. ബാലകൃഷ്ണന് വിനയകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.