തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിലെ പോറ്റമ്മമാരുടെ സ്നേഹത്തലിൽനിന്ന് ആറ് മാസത്തിനിടെ അച്ഛനമ്മമാരെ സ്വന്തമാക്കിയത് 50 കുരുന്നുകൾ. ഇതിൽ 10 കുട്ടികൾ വിദേശ രാജ്യങ്ങളിലേക്കാണ് പോയത്. ഇതാകട്ടെ സർവകാല റെക്കോഡും. അമ്പതാമത്തെ കുട്ടി നവംബർ 18 നാണ് മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽനിന്ന് തമിഴ്നാട്ടിലെ രക്ഷാകർത്താക്കൾക്കൊപ്പം കൈപിടിച്ചിറങ്ങിയത്.
ഇതാദ്യമായാണ് ഒരു വർഷം പൂർത്തിയാകും മുമ്പ് ഇത്രയധികം കുട്ടികളെ സനാഥത്വത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തിയതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു. മാർച്ച് മുതൽ നവംബർ മാസം വരെയുള്ള കാലയളവിലാണ് ഇത്രയധികം കുട്ടികളെ ദത്തുനൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകെ ആറ് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് കടൽ കടന്നത്. നാല് പേർ ഇറ്റലിയിലേക്കാണ്. സ്പെയിൻ-രണ്ട്, യു.എ.ഇ-രണ്ട്, അമേരിക്ക-ഒന്ന്, ഡെൻമാർക്ക്-ഒന്ന് എന്നിങ്ങനെയാണ് മറ്റ് കുഞ്ഞുങ്ങളുടെ ദത്തുനൽകൽ.
കേരളത്തിൽ 24 പേരും മറ്റ് സംസ്ഥാനങ്ങളിലേക്ക് 16 പേരുമാണ് രക്ഷാകർത്താക്കളുടെ തണലിലായത്. തമിഴ്നാട് - 10, ആന്ധ്രാപ്രദേശ് -1, കർണാടക -3, മഹാരാഷ്ട്ര -1, ഗോവ -1 എന്നിങ്ങനെ 16 പേരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്. ആകെ ദത്ത് നൽകിയ കുട്ടികളിൽ 23 പേർ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽനിന്നാണ്.
ദത്തെടുക്കൽ നടപടിക്രമങ്ങൾ ഓൺലൈനാക്കിയതോടെയാണ് വിദേശത്തുനിന്ന് കൂടുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.