തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പോർമുഖത്തെ മൂർച്ചയേറിയ ആരോപണങ്ങൾക്ക് പ്രതിരോധമൊരുക്കുമ്പോഴും സർക്കാറിന്റെ കൈപൊള്ളിച്ച് ആറു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക. കേന്ദ്രം സാമ്പത്തികമായി ഉപരോധിക്കുന്നതാണ് പെൻഷൻ മുടക്കത്തിന് കാരണമെന്നാണ് തുടക്കത്തിൽ സർക്കാർ വിശദീകരിച്ചതെങ്കിലും അത്ര ആത്മവിശ്വാസത്തോടെ ഇക്കാര്യം തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ ആവർത്തിക്കുന്നില്ല. സെപ്റ്റംബർ മുതലുള്ള ആറു മാസത്തെ കുടിശ്ശികയാണ് കൊടുത്തുവീട്ടാനുള്ളത്. ഒരു മാസത്തെ പെൻഷന് 900 കോടി വേണം. ആറു മാസത്തെ കുടിശ്ശിക തീർക്കാൻ 5400 കോടിയും.
നിലവിലെ സാമ്പത്തിക പരിതഃസ്ഥിതിയിൽ ഇത് അസാധ്യമാണെങ്കിലും രണ്ടു മാസത്തെയെങ്കിലും കുടിശ്ശിക തീർക്കാനുള്ള ശ്രമത്തിലാണ് ധനവകുപ്പ്. കോടതി ഇടപെടൽ വഴി 13,609 കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും ഇത് മാർച്ച് മാസത്തെ ഭാരിച്ച ചെലവുകൾക്കേ തികയൂ. പൊതുകടമെടുപ്പിന് അനുമതിയുള്ളത് പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ മുതലാണ്. ഏപ്രിലിൽ കടമെടുത്ത് പെൻഷൻ നൽകാനാണ് ആലോചന. അതേസമയം, തെരഞ്ഞെടുപ്പ് കാല ശുഷ്കാന്തിയായി ഇത് വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയും മുന്നണിക്കുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ഇടതുമുന്നണി നേതൃയോഗത്തിൽ ക്ഷേമ പെൻഷൻ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക സി.പി.ഐ ഉന്നയിച്ചിരുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ദിവസം ശമ്പളം വൈകുന്ന സാഹചര്യത്തിൽ സർക്കാർ കാട്ടിയ ഇടപെടൽ ആറു മാസത്തെ പെൻഷൻ മുടക്കത്തിൽ ഉണ്ടായില്ലെന്ന വിമർശനവും ഗുണഭോക്താക്കൾക്കുണ്ട്. അതേസമയം, സർക്കാർ ജീവനക്കാരും അതൃപ്തിയിലാണ്. ആറ് ഗഡുവാണ് ഡി.എ കുടിശ്ശിക. എന്നാൽ, കഴിഞ്ഞ ദിവസം ഡി.എ വർധിപ്പിച്ചത് വഴി സർക്കാർ ജീവനക്കാരുടെ പ്രതിഷേധം തൽക്കാലത്തേക്ക് തണുപ്പിക്കാനാകുമെന്ന് പാർട്ടി കരുതുന്നു. വന്യജീവി ആക്രമണങ്ങളിൽ കടുത്ത വിമർശനമുയരുമ്പോഴും വിഷയത്തെ രാഷ്ട്രീയമായി കാണരുതെന്ന എതിർവാദമുയർത്തിയാണ് പ്രതിരോധം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.