മാവേലിക്കര: പുന്നമ്മൂട്ടിൽ ആറു വയസ്സുകാരിയെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെ കേസിൽ തെളിവെടുപ്പ് നടത്തി. മാവേലിക്കരയിലെ വീട്ടിൽനടന്ന തെളിവെടുപ്പിൽ കൊലക്കുപയോഗിച്ച മഴു കണ്ടെടുത്തു. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയാണ് ഇയാളെ വീട്ടിലേക്ക് എത്തിച്ചത്.
കൊലപാതകത്തിന്‍റെ കാരണം എന്താണെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.
മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ ബുധനാഴ്ച രാത്രിയാണ് പിതാവ് ശ്രീമഹേഷ് (38) മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത് മഹേഷിന്റെ വീടിനു സമീപം സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മാതാവ് സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്‍റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചിരുന്നു. സുനന്ദയുടെ കൈക്ക് വെട്ടേറ്റു.
സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നക്ഷത്രയുടെ മാതാവ് വിദ്യ മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചശേഷമാണ് നാട്ടിലെത്തിയത്.
പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീമഹേഷിന്റെ വിവാഹം ഒരു വനിത കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാൽ, അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.