നിലമ്പൂർ: പുഴയിൽ തള്ളിയ മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ശെരീഫിന്റെ ശരീരാവശിഷ്ടങ്ങൾക്കുള്ള തിരച്ചിലിനിടെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ എല്ലിൻകഷ്ണം കണ്ടെടുത്തു. നേവിയുടെ സഹായത്തോടെ ശനിയാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം തള്ളിയെന്ന് പറയുന്ന സീതി ഹാജി പാലത്തിന് സമീപത്തുനിന്നുതന്നെ ഉച്ചയോടെ ഇത് കണ്ടെടുത്തത്. ശാസ്ത്രീയ പരിശോധനക്കുശേഷം മാത്രമെ കേസുമായി ബന്ധപ്പെട്ടതാണോയെന്ന് വ്യക്തമാകൂ.
രണ്ടാം ദിവസത്തെ പരിശോധനയിൽ കൊച്ചിയില്‍നിന്ന് നാവികസേനയിലെ അഞ്ച് മുങ്ങല്‍ വിദഗ്ധരും അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘവും എമർജൻസി റെസ്ക്യൂ ഫോഴ്സ്, സിവിൽ ഡിഫൻസ് എന്നിവരും പങ്കെടുത്തു. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് തിരച്ചിലിന് നേതൃത്വം നൽകി. രണ്ട് ദിവസത്തിനുള്ളിൽ പാലത്തിന് 200 മീറ്റർ ചുറ്റളവിലായി പരിശോധന പൂർത്തിയാക്കി. രാവിലെ 10.30ഓടെ തുടങ്ങിയ തിരച്ചിൽ വൈകീട്ട് അഞ്ചോടെയാണ് അവസാനിപ്പിച്ചത്.
പോഷകനദികളുടെ വൃഷ്ടിപ്രദേശങ്ങളിൽ തുടരെയുള്ള മഴമൂലം ചാലിയാറിലെ ജലനിരപ്പ് ഉയർന്ന് അടിയൊഴുക്ക് ശക്തിപ്പെട്ടിട്ടുണ്ട്. ഇത് തിരച്ചിലിനെ പ്രതികൂലമാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ച ഉച്ചവരെ തിരച്ചിൽ തുടരാനാണ് തീരുമാനം. ശനിയാഴ്ചയോടെ അനുവദിച്ച സമയം അവസാനിച്ചെങ്കിലും ഞായറാഴ്ചകൂടി നാവികസേനയുടെ സേവനം ആവശ്യപ്പെടും. പാലത്തിന് ചേർന്ന് എല്ലിൻകഷ്ണം കണ്ടെത്തിയതോടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞായറാഴ്ച ഉച്ചവരെകൂടി പരിശോധന നടത്തുന്നത്.
ഡിവൈ.എസ്.പിമാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, നിലമ്പൂർ സി.ഐ പി. വിഷ്ണു, എടവണ്ണ എസ്.എച്ച്.ഒ അബ്ദുൽ മജീദ് എന്നിവരുടെ സാന്നിധ്യത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. 2020 ഒക്ടോബറിലാണ് ചാലിയാര്‍ പുഴക്ക് കുറുകെയുള്ള സീതി ഹാജി പാലത്തിന്റെ മൂന്നാം തൂണിന് സമീപത്തുനിന്ന് വെട്ടിമുറിച്ച മൃതദേഹാവശിഷ്ടങ്ങള്‍ അഞ്ച് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി എറിഞ്ഞതെന്ന് മുഖ്യപ്രതി ഷൈബിന് അഷ്റഫ് വെളിപ്പെടുത്തിയിരുന്നു.
ഇതിനുശേഷം ഒരു പ്രളയകാലംതന്നെ കടന്നുപോയി. എങ്കിലും പ്രതീക്ഷയോടെയാണ് പരിശോധന നടക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
നിലമ്പൂർ: ഷാബാ ശെരീഫിന്റെ കൊലപാതകത്തിൽ പങ്കുള്ള കൂടുതൽ പ്രതികളെക്കുറിച്ച വിവരം ലഭിച്ചതായി ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ്. അന്വേഷണ ഉദ്യോഗസ്ഥർ ഇവർക്ക് പിന്നാലെയുണ്ടെന്നും കൂടുതൽ വിവരം ശേഖരിച്ചശേഷം ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഒളിവിലുള്ള അഞ്ച് പ്രതികളെക്കുറിച്ച് നിലവില്‍ കൂടുതല്‍ വിവരങ്ങളില്ല.
നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് മലയമ്മ സ്വദേശി ഹാരിസിന്റെ ദുരൂഹമരണത്തിൽ പ്രത്യേക കേസെടുക്കണമോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഹാരിസിനെ ഷൈബിനാണ് കൊന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ കോളജ് എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഹാരിസിന്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു.
ഷൈബിനെതിരെയുള്ള മൊഴികളും നാട്ടുവൈദ്യൻ കേസിൽ പിടിയിലായ പ്രതികളിൽനിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലെ വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരുകയാണ്. പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഹാരിസിന്റെ ദുരൂഹമരണം അന്വേഷിക്കാനുള്ള തീരുമാനം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും ഉണ്ടാകുക. 2020ല്‍ അബൂദബിയിലെ ഫ്ലാറ്റിലാണ് ദുരൂഹ സാഹചര്യത്തിൽ ഹാരിസിനെ മരിച്ചനിലയില്‍ കണ്ടത്. കൂടത്തായി കേസിന് സമാനമായ രീതിയില്‍ ഷൈബിന് അഷ്റഫ് കൊലപാതക പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.