തിരുവനന്തപുരം: സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് പകരം എ.സി കോച്ചുകൾ കൂട്ടാനുള്ള റെയിൽവേ നീക്കം കേരളത്തിലേക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്കും തിരിച്ചുമുള്ള മാവേലി, മലബാർ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിലാണ് ആദ്യം കൈവെക്കുന്നത്. യാത്രക്കാരുടെ ആവശ്യകത കൂടുതൽ എ.സി കോച്ചിനാണെന്ന വിചിത്ര ന്യായമുന്നയിച്ചാണ് നടപടി. ഈ നാലു ട്രെയിനുകളിലെയും സ്ലീപ്പർ കോച്ചുകളുടെ വെട്ടിക്കുറക്കൽ ഈ മാസം തന്നെ നിലവിൽ വരുമെന്നാണ് വിവരം. മിതമായ നിരക്കിലെ സ്ലീപ്പർ കോച്ചുകൾ കുറയുന്നതോടെ ചെലവേറിയ എ.സി കോച്ചുകൾ തെരഞ്ഞെടുക്കാൻ യാത്രക്കാർ നിർബന്ധിതരാകും. ഇതുവഴിയുള്ള വരുമാന വർധനയിലാണ് റെയിൽവേയുടെ കണ്ണ്.
കോവിഡിന്റെ മറവിൽ ജനറൽ കോച്ചുകൾ ഒഴിവാക്കി, പകരം റിസർവേഷൻ കോച്ചുകൾ ഏർപ്പെടുത്തി ലാഭം കൊയ്ത തന്ത്രമാണ് സ്ലീപ്പറുകളുടെ കാര്യത്തിലും ആവർത്തിക്കുന്നത്. പാസഞ്ചർ ട്രെയിനുകളെയെല്ലാം എക്സ്പ്രസുകളാക്കി മാറ്റിയതിനു പിന്നാലെയാണ് പുതിയ നീക്കം.
ഭാവിയിൽ ഓരോ ട്രെയിനിലും സ്ലീപ്പർ കോച്ചുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തുമെന്നാണ് വിവരം. സ്ലീപ്പർ കോച്ചുകൾ രണ്ടാകുമ്പോൾ എ.സി ത്രീ ടിയർ കോച്ചുകളുടെ എണ്ണം പത്തായും എ.സി ടു ടിയർ കോച്ചുകളുടെ എണ്ണം നാലായും വർധിക്കും. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള സ്ലീപ്പർ ടിക്കറ്റ് നിരക്ക് 200ൽ താഴെയാണെങ്കിൽ എ.സി ത്രീ ടിയറിൽ 500നു മുകളിലാണ്.
ടു ടിയറിലേക്കെത്തുമ്പോൾ ഇതു വീണ്ടും ഉയരും. ഒരു സ്ലീപ്പർ കോച്ചിൽ 72 ബർത്തുകളാണുള്ളത്. പരിഷ്കാരം നടപ്പായാൽ ട്രെയിനുകളിൽ നിലവിലെ 546 മുതൽ 792 വരെയുള്ള സ്ലീപ്പർ ബർത്തുകൾ 144 ആയി കുറയും. കോവിഡിന്റെ മറവിൽ പാസഞ്ചറുകൾ നിർത്തലാക്കുകയും പകരം എക്സ്പ്രസുകൾ ഓടിക്കുകയും ചെയ്തതോടെ ഹ്രസ്വദൂര യാത്രകൾക്കടക്കം ചെലവേറിയിരുന്നു. ചെറിയ ദൂരത്തേക്കുപോലും എക്സ്പ്രസ് നിരക്കാണ് നൽകേണ്ടി വരുന്നത്. മാത്രമല്ല നേരത്തേ പാസഞ്ചറുകൾക്കുണ്ടായിരുന്ന സ്റ്റോപ്പുകളും വെട്ടിക്കുറച്ചത് ഗ്രാമങ്ങളുടെ റെയിൽ കണക്ടിറ്റിവിറ്റി തന്നെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. വിവിധ റൂട്ടുകളിലായി സംസ്ഥാനത്ത് ഓടിയിരുന്ന 54 ഓളം പാസഞ്ചറുകളാണ് കോവിഡിന്റെ പേരിൽ നിർത്തലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.