ലാ​വ​​ലി​ൻ കേ​സി​ൽ വി​ചാ​ര​ണ അ​നി​വാ​ര്യ​മെ​ന്ന്​  സി.​ബി.​​െ​എ ഹൈ​കോ​ട​തി​യി​ൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ലാവലിൻ കേസിൽ ഗൂഢാലോചനക്ക് തെളിവുള്ള സാഹചര്യത്തിൽ വിചാരണ അനിവാര്യമെന്ന് സി.ബി.െഎ ഹൈകോടതിയിൽ. പദ്ധതിയുടെ ഒാരോ ഘട്ടത്തിലും ഗൂഢാലോചന നടന്നിട്ടുണ്ട്. കേസിൽ പ്രതികളായവരെല്ലാം ഇതിൽ പങ്കാളികളുമാണ്. ഗൂഢാലോചന നടന്നതിന് കൃത്യമായ തെളിവുകളുള്ളതിനാൽ വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കാനാവില്ല. പ്രതികളെ വിചാരണ പോലും കൂടാതെ കേസിൽനിന്ന് ഒഴിവാക്കിയ സി.ബി.െഎ പ്രത്യേക കോടതി വിധി വസ്തുതകൾ വേണ്ട വിധം മനസ്സിലാക്കാതെയാണ്. വിധി നിലനിൽക്കുന്നതല്ലെന്നും സി.ബി.െഎ വ്യക്തമാക്കി. പ്രതികളെ വിചാരണയില്ലാതെ വെറുതെവിട്ട നടപടിക്കെതിരെ നൽകിയ റിവിഷൻ ഹരജിയിലാണ് സി.ബി.െഎ വീണ്ടും നിലപാടറിയിച്ചത്.

സി.ബി.െഎയുടെ പ്രാഥമിക വാദവും കേസിൽ ഏഴാം പ്രതിയായിരുന്ന പിണറായിയുടെ വാദവും കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് സി.ബി.െഎയുടെ എതിർവാദം തിങ്കളാഴ്ച നടന്നത്. ഇതിന്ശേഷം, കേസിൽ പ്രതികളായിരുന്ന ഉദ്യോഗസ്ഥരുടെ വാദവും ആരംഭിച്ചു. സി.ബി.ഐയുടെ ആരോപണം അടിസ്ഥാന രഹിതവും തെളിവില്ലാത്തതുമാണെന്ന് പിണറായിക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവേ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. പിണറായി അടക്കമുള്ളവരെ കുരുക്കാൻ മനഃപൂർവം ഒരുക്കിയ കേസാണിതെന്നും വാദിച്ചിരുന്നു. 

അതേസമയം ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന വാദത്തിൽ സി.ബി.െഎ ഉറച്ചുനിൽക്കുകയാണ്.  പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എൻ.സി ലാവലിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണമാണ് സി.ബി.ഐ അന്വേഷിച്ചത്. മുന്‍ വൈദ്യുതി മന്ത്രി എന്ന നിലയിലാണ് പിണറായി വിജയന്‍ പ്രതിയായത്. തിരുവനന്തപുരം സി.ബി.ഐ കോടതി 2013 നവംബര്‍ അഞ്ചിനാണ് പിണറായിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്. ഇതു നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.െഎയുടെ റിവിഷൻ ഹരജി. ഹരജിയിൽ കക്ഷികളുടെ വാദം ചൊവ്വാഴ്ചയും തുടരും.

Tags:    
News Summary - snc lavelin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.