ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ മണ്ഡലത്തിലെ എസ്.എൻ.ഡി.പി യൂനിയൻ ഉൾപ്പെട്ട മൈക്രോ ഫിനാൻസ് കേസ് അന്വേഷണത്തിന് ജീവൻവെച്ചതോടെ യോഗം നേതൃത്വം പ്രതിരോധത്തിൽ. കോടതി ഇടപെടലിനെ തുടർന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയും വൈസ് പ്രസിഡൻറായ മകൻ തുഷാർ വെള്ളാപ്പള്ളിയെ രണ്ടാം പ്രതിയുമാക്കിയാണ് ചെങ്ങന്നൂർ പൊലീസ് കേസ് എടുത്തിട്ടുള്ളത്. നിലവിലെ അഡ്മിനിസ്ട്രേറ്റിവ് ഭരണസമിതിയുടെ ചെയർമാനായ അനിൽ ശ്രീരംഗവും കൺവീനർ സുനിൽ വള്ളിയിലുമടക്കം എട്ടുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.
നേരേത്ത ചെങ്ങന്നൂർ യൂനിയൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് ഡി.ജി.പിയുടെ നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 6.10 കോടി രൂപയുടെ തട്ടിപ്പ് ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂനിയനുമായി ബന്ധപ്പെട്ട് നടന്നതായാണ് പരാതി. മുൻ ഭരണസമിതിക്കെതിരെ നിലവിലെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എന്നാൽ, മുൻ ഭരണസമിതി ഭാരവാഹിയായിരുന്ന കെ. സുദർശനൻ സംരക്ഷണ സമിതിയുടെ പേരിൽ നൽകിയ ഹരജിയിലാണ് കോടതി ഇടപെട്ടത്. ഇരുകൂട്ടരും തമ്മിൽ നടക്കുന്ന വിഴുപ്പലക്കലുകൾ അന്വേഷണ പരിധിയിൽ വരുമെന്ന് ഉറപ്പാണ്.
വ്യാജ സംഘങ്ങളിൽ അംഗങ്ങളാവുക വഴി ബാങ്കുകളിൽനിന്ന് ജപ്തി ഭീഷണി നേരിടുന്ന 1547 പേരാണ് യൂനിയനിലുള്ളത്. ഏത് തരത്തിലുള്ള അന്വേഷണമായാലും നിരപരാധികളായ തങ്ങൾക്ക് നീതി ലഭിച്ചാൽ മതിയെന്നാണ് ഇൗ സമുദായാംഗങ്ങളുടെ നിലപാട്. യോഗത്തെ അപകീർത്തിപ്പെടുത്താൻ കള്ളപ്പരാതി നൽകുകയായിരുന്നുവെന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ പ്രസ്താവന മുൻകൂർ ജാമ്യം എടുക്കൽ മാത്രമാണെന്നാണ് അണികളുടെ വിശ്വാസം. തെരഞ്ഞെടുപ്പിൽ സംഘടനയുടെ ശക്തി തെളിയിക്കാതിരിക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കേസ് എന്ന വാദവും ഇവർ തള്ളുന്നു. ഏത് വിധേനയും കേസിൽനിന്ന് രക്ഷനേടുക എന്ന ലക്ഷ്യത്തോടെ കുറേ നാളായി എൽ.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ച് മുന്നോട്ട് പോയിരുന്ന വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഫലത്തിൽ കനത്ത തിരിച്ചടിയാണ്. വിഷയം ചെങ്ങന്നൂർ മണ്ഡലത്തിൽ ഇനിയുള്ള ദിവസങ്ങളിൽ സജീവ ചർച്ചയാകുമെന്ന കാര്യത്തിലും സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.