ചേർത്തല: പ്രാതിനിധ്യ വോട്ടവകാശം ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഫെബ്രുവരി അഞ്ചിന് നടത്താനിരുന്ന എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചതായി ചീഫ് റിട്ടേണിങ് ഓഫിസർ ബി.ജി. ഹരീന്ദ്രനാഥ് അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെയാണ് മാറ്റിയത്.
യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം ഹൈകോടതി റദ്ദാക്കിയതോടെ മുഴുവൻ സ്ഥിരാംഗങ്ങൾക്കും പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാൻ ഇനി വോട്ട് ചെയ്യാം. നിലവിൽ 200 അംഗങ്ങൾക്ക് ഒരാളെന്ന നിലക്കായിരുന്നു പ്രാതിനിധ്യ വോട്ടവകാശമുള്ളത്. ഒരു ശാഖയിൽ 600 പേരുണ്ടെങ്കിൽ മൂന്നുപേർക്ക് വോട്ടവകാശം ലഭിക്കും. നിലവിൽ പതിനായിരത്തോളം പേർക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉളളത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
1974ലെ കേന്ദ്രസർക്കാറിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പ്രാതിനിധ്യവോട്ടവകാശം നിശ്ചയിച്ചത്. നൂറുപേർക്ക് ഒരാളെന്ന നിലയിലായിരുന്നു ആദ്യകാലങ്ങളിൽ ഇത്. എന്നാൽ, 1999ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ബൈലോ ഭേദഗതി ചെയ്ത് വോട്ടവകാശം ഇരുനൂറിൽ ഒരാൾക്കാക്കി. ഇത്തരത്തിൽ പ്രാതിനിധ്യ വോട്ടവകാശത്തിന് ഉത്തരവ് നൽകാൻ കേന്ദ്രസർക്കാറിന് അവകാശമില്ലെന്ന കണ്ടെത്തലോടെയാണ് നിലവിലെ രീതി റദ്ദാക്കിയത്. 1999ലെ ബൈലോ ഭേദഗതിയും ഹൈകോടതി റദ്ദാക്കിയിട്ടുണ്ട്. പുതിയ ഉത്തരവോടെ എസ്.എൻ.ഡി.പി യോഗത്തിലെ സ്ഥിരാംഗങ്ങളായ 30 ലക്ഷത്തോളം പേർക്കാണ് വോട്ടവകാശം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.