കാക്കനാട്ടെ സ്നേഹിത ആസ്ഥാനം
കൊച്ചി: സ്ത്രീ ശാക്തീകരണത്തിൽ അതിജീവനത്തിന്റെ സ്നേഹഗാഥ തീർക്കുകയാണ് സ്നേഹിത. കുടുംബശ്രീ ജില്ല മിഷന് കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെൽപ് ഡെസ്കാണ് പതിറ്റാണ്ട് പിന്നിടുന്നത്. നിരാലംബരായ സ്ത്രീകളുടെ അഭയകേന്ദ്രമെന്ന നിലയിൽ 2013 ആഗസ്റ്റ് 23നായിരുന്നു സ്നേഹിതയുടെ തുടക്കം. സ്ത്രികളുടെയും കുട്ടികളുടെയും അതിജീവനത്തിൽ ജില്ലയിൽ പുതുമുന്നേറ്റം തീർക്കുകയാണ് ഈ പദ്ധതി. രാപ്പകൽ ഭേദമന്യേ മുഴുവൻ സമയവും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണർന്നിരിക്കുകയാണിവർ. സ്നേഹിതയുടെ ഹെൽപ് ലൈൻ നമ്പറായ 180042555678 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് സഹായം തേടിയെത്തുന്ന ഒരു ഫോൺകോളും ഇവർ വെറുതെയാക്കില്ല. ഇതിനായി രണ്ട് കൗൺസിലർമാർ, അഞ്ച് സർവിസ് പ്രൊവൈഡർമാർ, രണ്ട് സെക്യൂരിറ്റി, ഓഫിസ് അസിസ്റ്റന്റ്, കെയർടേക്കർ അടക്കമുള്ള 11 അംഗ ടീമാണ് സദാ ജാഗരൂകരായിരിക്കുന്നത്.
ദാമ്പത്യ-കുടുംബ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, സ്ത്രീധന പീഡനം, കുട്ടികളും കൗമാരക്കാരും നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇവർ കൈകാര്യം ചെയ്യുന്നത്. സ്വന്തം നിലയിൽ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതോടൊപ്പം ആവശ്യമെങ്കിൽ പൊലീസ് അടക്കമുള്ള ഇതര സർക്കാർ സംവിധാനങ്ങളെയും ഉൾപ്പെടുത്തിയാണ് പ്രശ്നപരിഹാരമുണ്ടാക്കുന്നത്.
ഇതിന് പുറമേ നേരിട്ടോ ഫോണിലോ സഹായം തേടിയെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസലിങ്, വൈദ്യ സഹായം തുടങ്ങി ഉപജീവന മാർഗമൊരുക്കുന്നതിന് വരെ ഇവർ സജീവമായി രംഗത്തിറങ്ങാറുണ്ട്.
കാക്കനാട് കുന്നുംപുറത്തെ സ്നേഹിതയുടെ അഭയകേന്ദ്രത്തിൽ വിവിധ തരത്തിലുള്ള മാനസിക-ശാരീരിക പീഡനങ്ങൾക്കിരയാകുന്ന അഞ്ച് സ്ത്രീകൾക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യമുണ്ട്. ഇവർക്ക് നാല് മുതൽ ഏഴ് ദിവസം വരെ ഭക്ഷണ-വൈദ്യ-നിയമ സഹായങ്ങളും സൗജന്യമായി ഇവിടെ ലഭിക്കും. കാക്കനാടുള്ള പ്രധാന കേന്ദ്രത്തിനുപുറമേ പെരുമ്പാവൂർ നഗരസഭ ഓഫിസിനോട് ചേർന്ന് ഒരു സബ്സെന്ററും പ്രവർത്തിക്കുന്നുണ്ട്.
ഒരു പതിറ്റാണ്ടിനിടെ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട 8137 കേസുകളാണ് സ്നേഹിത ടീം ജില്ലയിൽ കൈകാര്യം ചെയ്തത്. കൗൺസലിങ് കേസുകൾ-1256, ഗാർഹിക പീഡനം-1810, കുടുംബ പ്രശ്നം-1061, മൊബൈൽ അഡിക്ഷൻ-58, മാനസിക സമ്മർദം-672, ഇൻമേറ്റ് കേസ്-835, മാനസിക രോഗം-440 എന്നിങ്ങനെയാണിത്. ഇതിന് പുറമേ അയൽകൂട്ടങ്ങൾ കേന്ദ്രീകരിച്ചും സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചും കമ്യൂണിറ്റി കൗൺസലർമാരടക്കമുള്ളവരുടെ നേതൃത്വത്തിൽ നിരവധി ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്.
ഇതോടൊപ്പം തന്നെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 94 സ്കൂളുകൾ കേന്ദ്രീകരിച്ച് സ്നേഹിത@സ്കൂൾ പദ്ധതിയുമുണ്ട്. ഇവിടെ കുട്ടികൾക്കുവേണ്ടി ഗ്രൂപ് കൗൺസലിങ്, പരീക്ഷ പേടിമാറ്റാനുള്ള ക്ലാസുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ തുടങ്ങിയവയെല്ലാം നൽകിവരുന്നു. ഇതോടൊപ്പം തന്നെ ഒരു തദ്ദേശ വാർഡിൽനിന്ന് അഞ്ചുപേരെ ഉൾപ്പെടുത്തിയുള്ള വിജിലന്റ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. വാർഡിലെ ലഹരി മാഫിയ സാന്നിധ്യം അടക്കമുള്ളവ ഔദ്യോഗിക കേന്ദ്രങ്ങളിലെത്തിക്കുന്നതിൽ ഇവർ സജീവ ഇടപെടലാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.