കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങി ബി.ജെ.പി സംസ്ഥാന വെസ് പ്രസിഡൻറ് ശോഭ സുരേന്ദ്രൻ. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കൂടി നിഷേധിച്ചാൽ ബി.ജെ.പിയിൽ പൊട്ടിത്തെറിക്കും സാധ്യതയേറെയാണ്.
സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനടങ്ങിയ വി. മുരളീധര പക്ഷത്തിനെതിരെ കലാപക്കൊടിയുയർത്തി ശോഭ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നിട്ട് ഒരു വർഷം തികയാറായി. രണ്ടു പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന പദവിയിലേക്ക് തള്ളി തന്നെ തഴഞ്ഞതിലെ പ്രതിഷേധം അടങ്ങിയിട്ടില്ല. വെള്ളിയാഴ്ച തൃശൂരിൽ നടക്കുന്ന ഭാരവാഹി യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതിെൻറ കാരണവും ഇതു തന്നെ.
നിയമസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം, കോന്നി മണ്ഡലങ്ങളിലാണ് ശോഭയുടെ നോട്ടം. കഴക്കൂട്ടത്ത് വി. മുരളീധരൻ നേരത്തേ തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. കോന്നി ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ കെ. സുരേന്ദ്രൻതന്നെ മത്സരിക്കണെമന്ന ആവശ്യം ഉയരുന്നതിനിടെയാണ് ശോഭയുടെയും നീക്കം.
തദ്ദേശതെരഞ്ഞെടുപ്പിലടക്കം പ്രചരണത്തിനിറങ്ങാതെ, പിണങ്ങി വീട്ടിലിരുന്ന ശോഭ മത്സരിച്ചാൽ വോട്ട് കുറയുമെന്ന പ്രചാരണം മുരളീധരപക്ഷം നടത്തുന്നുണ്ട്. 'കോൺഗ്രസ് മുക്ത കേരളം' എന്ന നയം ബി.ജെ.പി നടപ്പാക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് കടുത്ത എൽ.ഡി.എഫ് വിരുദ്ധ പ്രചാരകയായ ശോഭയെ ബി.ജെ.പി മാറ്റിനിർത്തുന്നത്.
സി.പി.എമ്മിന് ഭരണത്തുടർച്ചയേകി, കോൺഗ്രസിനെ ദുർബലമാക്കാൻ ഔദ്യോഗികപക്ഷം ശ്രമിക്കുന്നതായി ശോഭയും കൂട്ടരും ആരോപിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ശോഭ സജീവമായാൽ സി.പി.എംവിരുദ്ധ പ്രചാരണം ശക്തമാക്കുന്നത് ഇൗ നയത്തിന് എതിരാകുമെന്ന് മുരളീധരപക്ഷം ഭയക്കുന്നതായി ശോഭയോടൊപ്പമുള്ളവർ പറയുന്നു.
ശോഭയെ കോർ കമ്മിറ്റിയിലുൾപ്പെടുത്തണമെന്ന് സംസ്ഥാനത്തെ ആർ.എസ്.എസ് നേതൃത്വം ബി.ജെ.പി സംസ്ഥാന നേതൃത്വത്തോട് നിർദേശിച്ചിരുന്നു. ഇതിലും തീരുമാനമായിട്ടില്ല. ശോഭ സുേരന്ദ്രൻ ഭാവിയിലെങ്കിലും പ്രസിഡൻറാകാനുള്ള സാധ്യതപോലും അടയുേമ്പാൾ, അവഗണന മടുത്ത് പാർട്ടി വിടാനും സാധ്യതയേറെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.