കോഴിക്കോട്: സാമൂഹിക ക്ഷേമ പെൻഷൻ മാസങ്ങൾ മുടങ്ങിയതിനുപിറകെ 23 ലക്ഷത്തോളം പേരുടെ പെൻഷൻ തടഞ്ഞുവെച്ചു. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞുവെച്ച ഈ പെൻഷനുകൾ പുനഃസ്ഥാപിച്ചുകിട്ടാൻ കടമ്പകളേറെയാണ്.
സംസ്ഥാനത്ത് ആകെയുള്ള 49,28,892 ഗുണഭോക്താക്കളിൽ 22,85,866 പേരുടെ പെൻഷൻ സസ്പെൻഡ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ യഥാസമയം ഡിജിറ്റൽ ഒപ്പുവെക്കാത്തതും മസ്റ്ററിങ് സമയത്തെ അപാകതകളും ഗുണഭോക്താക്കൾ മരിച്ചതും ആധാർ ലിങ്ക് ചെയ്യാത്തതുമുൾപ്പെടെയുള്ള കാരണങ്ങളാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ തോതിലുള്ള സാമൂഹിക പെൻഷൻ തടഞ്ഞുവെക്കലിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സർക്കാർ അനുകൂല തീരുമാനമില്ലെങ്കിൽ കാൽകോടിയോളം വരുന്ന പെൻഷൻകാരുടെ ആനുകൂല്യം ലഭിക്കാതാകും. സെക്രട്ടറിമാർ കൃത്യസമയത്ത് ഡിജിറ്റൽ സിഗ്നേച്ചർ വെക്കാത്തതുമൂലം പെൻഷൻ മുടങ്ങിയാൽ ഉത്തരവാദികൾ സെക്രട്ടറിമാർ തന്നെയാകുമെന്ന് അടുത്തിടെ സർക്കാർ ഉത്തരവിറങ്ങിയിരുന്നു. മസ്റ്ററിങ്ങിലെ സാങ്കേതിക പിഴവാണ് ഇത്രയും പേരുടെ പെൻഷൻ തടഞ്ഞുവെച്ചതിനിടയാക്കിയതെന്നാണ് ധനകാര്യ വിഭാഗം സൂചിപ്പിക്കുന്നത്. 13,20,228 സ്ത്രീകളുടെയും 9,65,606 പുരുഷന്മാരുടെയും പെൻഷൻ തടഞ്ഞുവെച്ചതിലുൾപ്പെടും.
5,01,066 കർഷകത്തൊഴിലാളികളുടെയും 11,62,608 ഇന്ദിര ഗാന്ധി ദേശീയ വാർധക്യകാല പെൻഷൻകാരുടെയും ആനുകൂല്യം തടഞ്ഞിട്ടുണ്ട്. ഭിന്നശേഷിക്കാരായ 1,54,242 പേരുടെയും 50 കഴിഞ്ഞ അവിവാഹിതരായ 28,222 വനിതകളുടെയും പെൻഷൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 4,39,728 വിധവകളുടെ പെൻഷൻ തടഞ്ഞ കൂട്ടത്തിലുണ്ട്. വിവാഹമോചിതർക്ക് മുമ്പ് വിധവ പെൻഷൻ കൊടുത്തിരുന്നു. എന്നാൽ, അത് തുടരേണ്ടതില്ലെന്നാണ് പുതിയ ഉത്തരവ്.
സാമൂഹിക നീതി വകുപ്പ് കൈകാര്യം ചെയ്ത പെൻഷൻ പദ്ധതി ധനകാര്യ വകുപ്പ് ഏറ്റെടുത്തതോടെ പണം നൽകൽ മാത്രമല്ല, വ്യവസ്ഥകൾ തീരുമാനിക്കുന്നതും ധനകാര്യ വകുപ്പാണ്.
ഇത് പരമാവധി ആനുകൂല്യം തടയപ്പെടുന്നതിന് ഇടയാക്കുകയാണെന്ന് ക്ഷേമസംഘടന നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.