കുന്ദമംഗലം: സോഫ്റ്റ്വെയറിലുണ്ടാകുന്ന പിശകുമൂലം വാട്ടർ അതോറിറ്റിയുടെ ഖജനാവിൽനിന്ന് ചോരുന്നത് കോടികൾ. ഗാർഹികേതര വിഭാഗത്തിലെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന പിഴ ഇനത്തിലാണ് കോടികൾ നഷ്ടമാകുന്നത്. സോഫ്റ്റ്വെയർ പരിഷ്കരിച്ചപ്പോഴുള്ള പിഴവാണിത്. വെള്ളക്കരം അടക്കുന്നതിൽ പിഴവു വരുത്തുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് മാസം അഞ്ചുരൂപയും ഗാർഹികേതര ഉപഭോക്താക്കൾക്ക് ബിൽ തുകയുടെ രണ്ടു ശതമാനവും അടക്കാൻ വൈകുന്ന ദിവസങ്ങൾ കണക്കുകൂട്ടി കൂട്ടുപലിശ പിഴയായി ഈടാക്കുകയാണ് ചെയ്തിരുന്നത്. 2022 ജനുവരിയിൽ ഹൈകോടതി ഗാർഹികേതര ഉപഭോക്താക്കളുടെ കൂട്ടുപലിശ ഒഴിവാക്കുകയും രണ്ടു ശതമാനം സാധാരണ പലിശ മാത്രമേ ഈടാക്കാവൂ എന്ന് നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് ഇ-അബാകസ് സോഫ്റ്റ്വെയറിൽ മാറ്റം വരുത്തിയപ്പോഴാണ് വൻ പിഴവുണ്ടായത്.
ഗാർഹികേതര ഉപഭോക്താക്കൾ അടക്കുന്ന പിഴ തുക സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തുന്നത് അധിക തുക അടച്ചതായാണ്. അടുത്ത മാസത്തെ ബില്ലിൽനിന്ന് ഈ അധിക തുക കുറച്ചുകൊണ്ടാണ് പുതിയ ബിൽ സോഫ്റ്റ്വെയർ രേഖപ്പെടുത്തുന്നത്. അതായത് ഒരു ഗാർഹികേതര ഉപഭോക്താവിന്റെ ബിൽ ഒരു ലക്ഷമാണെങ്കിൽ അയാൾ ബിൽ അടക്കാൻ വൈകിയാൽ രണ്ടു ശതമാനം (2,000 രൂപ) പിഴ അടക്കണം. ഇയാളുടെ അടുത്ത മാസത്തെ ബില്ലും ഒരു ലക്ഷമാണെങ്കിൽ സോഫ്റ്റ്വെയർ 98,000 രൂപയായാണ് ബിൽ തുക കാണിക്കുക. അപ്പോൾ ഒരു മാസം പിഴയടച്ച തുക അടുത്ത മാസത്തെ ബില്ലിൽ കുറച്ചുകാണിക്കുന്നു.
വൻതോതിൽ വെള്ളം ഉപയോഗിക്കുന്ന ഗാർഹികേതര ഉപഭോക്താക്കൾ 2022 ജനുവരി മുതൽ അടക്കേണ്ട പിഴയിനത്തിൽ വൻ തുകയാണ് വാട്ടർ അതോറിറ്റിക്ക് ഇതിനകം നഷ്ടമായത്. പോങ്ങുമൂട് സെക്ഷനിൽ കഴിഞ്ഞ മേയിൽ ഒരു ബില്ലിൽ വന്ന തുക 44,622 രൂപ. പിഴ കൂടാതെ അടക്കാനുള്ള അവസാന തീയതി ജൂൺ ഏഴ് ആയിരുന്നു. ബിൽ തുകയിലെ രണ്ട് ശതമാനം സാധാരണ പലിശ 690 രൂപ ഉൾപ്പെടെ 45,312 രൂപ ജൂലൈ ഏഴിന് അടച്ചു. ഇതേ ഉപഭോക്താവിന്റെ ജൂലൈ എട്ടിന് ഇറങ്ങിയ തൊട്ടടുത്ത ബില്ലിൽ വെള്ളക്കരം 17,710 രൂപയാണ്. മുൻ ബിൽ വൈകിയടച്ചതിന്റെ പിഴ 690 രൂപ ഡിമാൻഡ് വരാത്തതിനാൽ പിഴയിനത്തിൽ വാങ്ങിയ 690 രൂപ തിരിച്ച് ഉപഭോക്താവിന് തന്നെ ലഭിക്കുന്നു. അതിനാൽ ജൂലൈ എട്ടിലെ ബിൽ തുക 17,020 രൂപയേയുള്ളൂ. ഇതുപോലെ നിരവധി ബില്ലുകളിൽ വാട്ടർ അതോറിറ്റിക്ക് പിഴ ഇനത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ വിഷയം ശ്രദ്ധയിൽപെട്ടില്ലെന്നും അന്വേഷിക്കുമെന്നും വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ (എച്ച്.ആർ.ഡി ആൻഡ് ജനറൽ) എസ്. സേതുകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.