സരിതയുടെ ലൈംഗിക ആരോപണങ്ങൾ വാസ്തവമെന്ന് സോളാർ കമീഷൻ കണ്ടെത്തൽ

തിരുവനന്തപുരം: സരിതയുടെ ലൈംഗിക ആരോപണങ്ങളിൽ വാസ്തവമുണ്ടെന്നും അഴിമതിയും ലൈംഗിക പീഡനവും നടന്നിട്ടുണ്ടെന്നും സോളാർ കമീഷന്‍റെ റിപ്പോർട്ട്. ഉമ്മൻചാണ്ടി തെറ്റുകാരനാണെന്നും മുൻമുഖ്യമന്ത്രിക്ക് സരിതയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നു തെളിയിക്കുന്നതാണ് കമ്മീഷന്‍റെ കണ്ടെത്തലുകൾ. ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും  സരിതയേയും ടീം സോളാറിനേയും സഹായിച്ചു. ഉമ്മന്‍ ചാണ്ടിക്ക് സരിതയെ നേരത്തെ അറിയില്ലായിരുന്നുവെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. നേരത്തേ മുതല്‍ ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയാമെന്ന് കരുതാന്‍ തെളിവുകളുണ്ട്. ടീം സോളാർ കമ്പനി ആരംഭിച്ച 2011 മുതൽ തന്നെ ലക്ഷ്മി നായർ എന്ന പേരിൽ ഉമ്മൻചാണ്ടിക്ക് സരിതയെ അറിയാമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ടെനി ജോപ്പന്റെ ഫോണിലേക്ക് വന്ന കോളുകള്‍ ഉമ്മന്‍ ചാണ്ടിക്കുള്ളതായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണുകളിലേക്കും സരിതയുടെ ഫോണില്‍ നിന്ന് വിളികള്‍ വന്നു. സരിതയുടെ ഫോണിലേക്ക് മുഖ്യമന്ത്രി തിരിച്ചും വിളിച്ചിട്ടുണ്ട്. സരിതയുടെ വക്കീല്‍ ഫെനി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ പുതിയ മൊബൈല്‍ ഫോണ്‍ നമ്പറില്‍ രണ്ട് തവണ ബന്ധപ്പെട്ടു. ഉമ്മന്‍ ചാണ്ടിക്കെതിരെ നിരവധി ഓഡിയോ തെളിവുകള്‍ സരിത ഹാജരാക്കി. പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് തോമസ് കൊണ്ടാട്ടിയുമായി സരിത സംസാരിക്കുന്ന ഓഡിയോയും തെളിവുകളിൽ പെടും. സോളാര്‍ തട്ടിപ്പുമായി ഉമ്മന്‍ചാണ്ടിയെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഈ ഓഡിയോയില്‍ ഉണ്ട്.

വൈദ്യുതമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും ടീം സോളാറിനെയും സരിതയേയും സഹായിച്ചു. ആര്യാടന് സരിതയെ പരിചയപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയാണ്. ആര്യാടന്‍ മുഹമ്മദിനെതിരെ ദൃശ്യങ്ങള്‍ തെളിവായുണ്ട്. ആര്യാടന്‍ സരിതയെ കോട്ടയത്തെ ഒരു  വേദിയിലിരുത്തി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കമീഷന് ലഭിച്ചു. മുഖ്യമന്ത്രിയാണ് സരിതയെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് ആര്യാടന്‍  പ്രസംഗത്തിൽ പറയുന്നുണ്ട്. സര്‍ക്കാരിന്‍റെ എല്ലാ സഹായവും നല്‍കുമെന്നും ആര്യാടന്‍ പറയുന്നുണ്ട്. പ്രസംഗത്തില്‍
 ബെന്നി ബഹനാനെതിരെ തെളിവായി ദൃശ്യങ്ങളുണ്ട്.  സരിത പറയുന്നത് ക്ഷമയോടെ കേള്‍ക്കുന്ന ബെന്നി ബഹനാനാണ് ദൃശ്യങ്ങളില്‍. തമ്പാനൂർ രവിയും ബെന്നി ബെഹനാനും ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. ഇവർക്കെതിരെ അഴിമതി നിരോധന നിയയ പ്രകാരം അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്. 

ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാനും അന്വേഷണ സംഘത്തെ സ്വാധീനിക്കാനും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. എന്നാൽ തിരുവഞ്ചൂരിനെതിരായ മറ്റ് ആരോപണങ്ങൾക്ക് തെളിവില്ല. 

സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ കമീഷൻ ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. ഫോൺ രേഖകളിൽ ആഴത്തിൽ അന്വേഷണം നടത്താൻ ശ്രമിച്ചില്ല.  ടീം സോളാർ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്തവരും അഴിമതിക്ക് കൂട്ടുനിന്നു. ലൈംഗികാരോപണങ്ങളിൽ ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്നും റിപ്പോർട്ടിൽ ജസ്റ്റിസ് ശിവരാജൻ ആവശ്യപ്പെടുന്നുണ്ട്. സരിതയുടെ കത്തും കമീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചെന്ന് സരിതയുടെ കത്തില്‍ പരാമര്‍ശമുണ്ട്. സോളാര്‍ കേസിലെ ലൈംഗികതയും ലൈംഗിക സംതൃപ്തിയും പൊതുപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതാണെന്നും അതില്‍ പങ്കാളികളായത് മുഖ്യമന്ത്രിയും ഊര്‍ജ്ജ മന്ത്രിയും മറ്റ് മന്ത്രിമാരുമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. 

മുൻ ഡി.ജി.പി മാരായ ബാലസുബ്രഹ്മണ്യം, ടി.പി സെൻകുമാർ എന്നിവർക്കെതിരെയും പരാമർശമുണ്ട്. കേസ് അട്ടിമറിക്കാന്‍ ഇരുവരും കൂട്ടുനിന്നു. ഇവര്‍ക്കെതിരെയും അന്വേഷണം വേണം. സരിതയുടെ കേസുകള്‍  ഒത്തുതീര്‍ക്കാന്‍ ഹൈബി ഈഡന്‍ സഹായിച്ചു.  എന്നാൽ സ്ത്രീ പീഡനം സംബന്ധിച്ച് കമ്മീഷന്‍റെ സ്വന്തം നിഗമനങ്ങളില്ല. 

ഉമ്മൻചാണ്ടിയും സരിതയും തമ്മിൽ അറിയില്ലെന്ന വാദം പൊളിക്കാൻ മൂന്നു സംഭാഷണങ്ങളും രണ്ട് സാഹചര്യ തെളിവുകളുമാണ് സോളാർ കമീഷൻ മുന്നോട്ടു വെക്കുന്നത്. ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമുള്ള പുതുപ്പള്ളിയിലെ പാർട്ടി പ്രവർത്തക തോമസ് കൊണ്ടോട്ടി സരിതയുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖ, പി. മാധവൻ എം.എൽ.എ സരിതയുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖ, മൗണ്ട് സിയോൻ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കളമണ്ണിൽ ഉമ്മൻചാണ്ടി സന്ദർശിച്ച് മടങ്ങിയ ശേഷം സരിതയുടെ ഡ്രൈവർ വേണുഗോപാലുമായി സംസാരിക്കുന്നതിന്‍റെ ഒാഡിയോ, വിഡിയോ ദൃശ്യങ്ങൾ എന്നിവയാണ് പ്രധാന തെളിവായി റിപ്പോർട്ടിൽ പറയുന്നത്.

ഇതുകൂടാതെ 2011ൽ മുഖ്യമന്ത്രിയുടെ പി.എ വിളിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാമെന്ന് സരിത അറിയിച്ചതും സോളാർ കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണൻ സ്വകാര്യമായി മുഖ്യമന്ത്രിയെ കണ്ടതും സാഹചര്യ തെളിവുകളാണെന്നും കമീഷൻ പറയുന്നു.

214 സാക്ഷികള്‍, 812 രേഖകള്‍ എന്നിവ കമീഷൻ പരിശോധിച്ചു. 

സോളാർ കമീഷൻ റിപ്പോർട്ടിന്‍റെയും ആക്ഷൻ ടേക്കൻ റിപ്പോർട്ടിന്‍റെയും പൂർണരൂപം:

Solar Enquiry Commission Report -Malayalam Full by Anonymous uWy6XokUYJ on Scribd

Full View

Solar Case Action Taken Report by Anonymous uWy6XokUYJ on Scribd

Full View
Tags:    
News Summary - Solar commission findings -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.