തിരുവനന്തപുരം: സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാമൻ കമീഷൻ റിപ്പോർട്ടിൽ കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ ഗൗരവതരമായ പരാമർശങ്ങൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കൂടാതെ മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഹൈബി ഈഡൻ, ജോസ് കെ.മാണി, കോണ്‍ഗ്രസ് നേതാക്കളായ എൻ.സുബ്രഹ്മണ്യം, തമ്പാനൂർ രവി, ബെന്നി ബെഹനാൻ തുടങ്ങിയ നേതാക്കളും ആരോപണ വിധേയരാണ്. ലൈംഗിക പീഡനം ഉൾപ്പടെ നിരവധി കുറ്റങ്ങളാണ് നേതാക്കൾക്കെതിരെ കമീഷൻ കണ്ടെത്തിയിരിക്കുന്നത്. ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, ഹൈബി ഈഡൻ, ജോസ് കെ.മാണി , കോണ്‍ഗ്രസ് നേതാക്കളായ എൻ.സുബ്രഹ്മണ്യം, കേന്ദ്രമന്ത്രി പളനിസ്വാമി എന്നിവർക്കെതിരെ ലൈംഗിക പീഡനം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്.
റിപ്പോർട്ട് ഏറ്റവും മോശമായി ബാധിക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തന്നെയാണ്. സരിതയുടെ കത്തിലെ ലൈംഗിക ആരോപണത്തിന് പുറമെ ടീം സോളാറിൽ നിന്നും ഉമ്മൻ ചാണ്ടി രണ്ടു കോടിയിലധികം രൂപ കൈക്കൂലി വാങ്ങിയെന്നും കമീഷൻ കണ്ടെത്തിയിട്ടുണ്ട്. സരിതയുടെ ക്രിമിനൽ പശ്ചാത്തലം ഉമ്മൻചാണ്ടിക്ക് അറിയാമായിരുന്നു എന്നും പറയുന്നു. ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി ലൈംഗികമായി സരിതയെ ഉപയോഗിച്ചുവെന്നുവെന്നതും റിപ്പോർട്ടിന്‍റെ ഭാഗമാണ്.
ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും മുൻ കേന്ദ്രമന്ത്രി പളനിമാണിക്യത്തിനെതിരേയും ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിന് പുറമെ ഉയർന്ന മറ്റ് ആരോപണങ്ങൾക്ക് തെളിവില്ലെന്നും കമീഷൻ വ്യക്തമാക്കുന്നു. പളനിമാണിക്യം സരിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇതിന് പുറമേ ആദായനികുതി വകുപ്പിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് വാഗ്ദാനം നൽകി 25 ലക്ഷം രൂപ വാങ്ങിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുൻ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ എന്നിവർ സരിതയെ ലൈംഗികമായി ഉപയോഗിച്ചു. അനിൽകുമാർ കൊച്ചിയിലെ ഹോട്ടലുകളിൽ വച്ച് പല തവണ പീഡിപ്പിക്കുകയും ഏഴ് ലക്ഷം രൂപ തന്‍റെ പേഴ്സണൽ സ്റ്റാഫ് വഴി വാങ്ങിയെടുക്കുകയും ചെയ്തു. ആര്യാടൻ മുഹമ്മദും ഒന്നിലധികം തവണ സരിതയെ പീഡിപ്പിച്ചു. സരിതയിൽ നിന്നും 25 ലക്ഷം രൂപ ആര്യാടൻ വാങ്ങിയെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.