ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റിന്‍റെ പ്രവർത്തനം കേരളത്തില്‍ സജീവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനം സജീവമാണെന്ന് എന്‍.ഐ.എയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഢിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ഐ.എസ്. ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 കേസുകളിലായാണ് 122 പേർ അറസ്റ്റിലായത് എന്നും രാജ്യസഭയിലെ ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഇവർ ഉപയോഗിക്കുന്നത്. അതിനാൽ എൻ.ഐ.എ സൈബർ സ്പേസ് നിരന്തരം നിരീക്ഷിച്ചു വരികയാണ്. ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ട പണം ഇവർക്ക് എവിടെ നിന്നാണ് ലഭിക്കുന്നതെന്നും വിദേശ ഫണ്ടിങ് ഉണ്ടോ എന്ന കാര്യങ്ങളും അന്വേഷിച്ച് വരികയാണ്.
ഇസ്ലാമിക് സ്റ്റേറ്റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്‍റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ, ഇസ്ലാമിക് സ്റ്റേറ്റ് ഇൻ കോറസാൻ പ്രൊവിൻസ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വിലായത് കോറസാൻ എന്നീ സംഘടനകളുടെയെല്ലാം പ്രവർത്തനം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളം കൂടാതെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, ബീഹാര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഐ.എസ് പ്രവര്‍ത്തിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.