മലപ്പുറം: പി.വി. അൻവറിന്റെ വെളിപ്പെടുത്തലിനെതുടർന്ന് മലപ്പുറം പൊലീസിൽ അഴിച്ചുപണി നടത്തിയെങ്കിലും സ്ഥലംമാറ്റിയ ഡിവൈ.എസ്.പിമാരിൽ ചിലർ ഇപ്പോഴും പഴയ സ്ഥാനത്തുതന്നെ തുടരുന്നു. സെപ്റ്റംബർ 10നാണ് എസ്.പി എസ്. ശശിധരനെയും ജില്ലയിലെ 16 ഡിവൈ.എസ്.പിമാരെയും സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. ഡിവൈ.എസ്.പിമാരായ പി. അബ്ദുൽ ബഷീർ (ജില്ല സ്പെഷൽ ബ്രാഞ്ച്, മലപ്പുറം), മൂസ വള്ളിക്കാടൻ (എസ്.എസ്.ബി മലപ്പുറം), സാജു കെ. എബ്രഹാം (പെരിന്തൽമണ്ണ), എ. പ്രേംജിത്ത് (മലപ്പുറം), കെ.എം. ബിജു (തിരൂർ), പി. ഷിബു (കൊണ്ടോട്ടി), പി.കെ. സന്തോഷ് (നിലമ്പൂർ), വി.വി. ബെന്നി (താനൂർ) എന്നിവരെയാണ് വിവിധ ജില്ലകളിലേക്ക് സ്ഥലംമാറ്റിയത്. ഉത്തരവ് വന്നതിന്റെ പിറ്റേന്നുതന്നെ എസ്.പി എസ്. ശശിധരൻ റിലീവ് ചെയ്തിരുന്നു.
ഉത്തരവുപ്രകാരം 15 ദിവസത്തിനകം ഡിവൈ.എസ്.പിമാർ സ്ഥലംമാറണം. എന്നാൽ, ചില ഡിവൈ.എസ്.പിമാർ പഴയ സ്ഥാനങ്ങളിൽ തുടരുകയാണ്. മാറ്റം മരവിപ്പിക്കാനുള്ള നീക്കവും ഉന്നതതലങ്ങളിലുണ്ട്. തുടരണമെന്ന ചില ഡിവൈ.എസ്.പിമാരുടെ താൽപര്യവും ചിലർക്ക് ഇങ്ങോട്ടുവരാനുള്ള താൽപര്യക്കുറവും സ്ഥലംമാറ്റം നടപ്പാക്കാൻ തടസ്സമായിട്ടുണ്ട്. പീഡനം, സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ, കൊലപാതക കേസുകൾ അട്ടിമറിക്കൽ, കേസുകളുടെ എണ്ണംകൂട്ടൽ അടക്കമുള്ള ആരോപണങ്ങളുടെ പേരിലാണ് സ്ഥലംമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.