തിരുവനന്തപുരം: ഇത്തവണത്തെ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലർ ആഗ്രഹിച്ചെന്നും ഇക്കൂട്ടർക്ക് നാണമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഈ ഓണം സന്തോഷത്തിന്റേതാകരുതേ എന്ന് ചിലരൊക്കെ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഓണത്തിന് എന്തൊക്കെ ഇല്ലാതിരിക്കും എന്നതാണ് വലിയ തോതില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഇക്കൂട്ടര്‍ക്ക് നാണം എന്നത് അടുത്തുകൂടെ പോയിട്ടില്ല' മുഖ്യമന്ത്രി പറഞ്ഞു.
പറഞ്ഞതെല്ലാം യാഥാർഥ്യമായി മാറുന്നുവെന്നത് നമ്മുടെ നാട് നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കാര്യത്തിലും എന്താണോ ഉണ്ടാകില്ലെന്ന് പറഞ്ഞത് അത് യാഥാര്‍ഥ്യമാകുന്നു. ബോധപൂർവം പ്രചാരണം നടത്തുന്നവര്‍ വിചാരിക്കുന്നത് അവരുടെ പ്രചാരണം കൊണ്ട് നാടാകെ തെറ്റിദ്ധരിക്കുമെന്നാണ്. സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടാകുമെന്ന് ചിലർ പ്രചരിപ്പിച്ചു. വിലക്കയറ്റം ദേശീയ ശരാശരിയിലും താഴെയാണ്. സർക്കാറിന്റെ വിപണി ഇടപെടലാണ് വിലക്കയറ്റത്തെ പിടിച്ചു നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
'പൊതുവിതരണ ശൃംഖല വളരെ ശക്തമാണ്. 2016ലെ അതേ വിലക്കാണ് 13 ഇനത്തില്‍പ്പെട്ട സാധനങ്ങള്‍ നല്‍കുന്നത്. സാധനങ്ങളില്ല എന്ന് പ്രചാരണം നടക്കുന്നു. നാട്ടുകാര്‍ ചെല്ലുമ്പോള്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നു. സംതൃപ്തമായ ഓണനാളുകളിലേക്കാണ് നാം കടക്കുന്നത്. നവകേരളം സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ ജീവിത നിലവാരത്തിലേക്കാണ് കേരളം പോകുന്നത് . ഹാപ്പിനസ് നിലനില്‍ക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും. 25 വര്‍ഷത്തിനുള്ളില്‍ ഈ നേട്ടങ്ങള്‍ സ്വന്തമാക്കും. ചില നിക്ഷിപ്ത താൽപര്യക്കാര്‍ ബോധപൂര്‍വമായ പ്രചാരണം അഴിച്ചുവിടുന്നു. ഇവര്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ല. വലിയ പ്രചാരണങ്ങളെ നാട് എങ്ങനെ സ്വീകരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് സര്‍ക്കാരിന്റെ തുടര്‍ച്ച' മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോയിൽ അവശ്യ സാധനങ്ങൾ ലഭ്യമാകുന്നില്ലെന്ന ആരോപണം നിയമസഭയിലടക്കം പ്രതിപക്ഷം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം.
നെല്ല് സംഭരണത്തിന്റെ കുടിശ്ശിക 26ന് മുമ്പ് കൊടുത്തു തീർക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ബാങ്കുകളുമായി ചീഫ് സെക്രട്ടറി ഒരിക്കൽ കൂടി ചർച്ച നടത്തും. ബാങ്കുകളിൽനിന്ന് പണം ലഭിക്കുന്നില്ലെങ്കിൽ സർക്കാർ നേരിട്ട് പണം നൽകും. 150 കോടിയോളം രൂപയാണ് കുടിശ്ശിക തീർക്കാൻ വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.