നമ്മളറിയുന്ന ആരെങ്കിലും മരിച്ചേക്കാം; ഇനിയുള്ള 28 ദിവസങ്ങൾ നിർണായകം​ -മുരളി തുമ്മാരുകുടി

കോവിഡ്​ മഹാമാരി സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുന്ന സാഹചര്യത്തിൽ ചില മുന്നറിയിപ്പുകൾ നൽകുകയാണ്​ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത നിവാരണ വിഭാഗത്തി​​െൻറ തലവൻ മുരളി തുമ്മാരുകുടി. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന 28 ദിവസങ്ങളെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്​ബുക്കിലിട്ട കുറിപ്പിലാണ്​ മുരളി തുമ്മാരുകുടി ഇങ്ങനെ അഭിപ്രായപ്പെട്ടത്​.

കേരളത്തിൽ ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിർത്തി കടക്കുകയാണ്. ഇനിയിത് ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ആകും. മരണസംഖ്യയും കൂടുകയാണ്. കൊറോണ നമ്മുടെ അടുത്തെത്തും, നമ്മൾ അറിയുന്നവർക്ക് രോഗം ബാധിക്കാമെന്നും നാം അറിയുന്ന ആരെങ്കിലും മരിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

91 പേർക്ക് കൊറോണ വന്ന ദിവസമാണ് കേരളം സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ദിവസം ആയിരം കടന്നിട്ടും നമ്മൾ ലോക്​ഡൗണിൽ അല്ല. അന്നത്തെ പേടി നമുക്കില്ല. ‘പുഴുങ്ങുന്ന മാക്രി’ (boiling frog syndrome) എന്ന് പറയുന്ന അവസ്ഥയിലാണ്​ നാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു​. 

മുരളി തുമ്മാരുകുടിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​

കൊറോണക്കാലം: ഇനി വരുന്ന 28 ദിവസങ്ങൾ.

കൊറോണക്കാലം തുടങ്ങിയപ്പോൾ മുതൽ അടുത്ത പതിനാലു ദിവസം അല്ലെങ്കിൽ മൂന്നു മാസം നിർണ്ണായകമാണ് എന്ന് പലപ്പോഴും നമ്മൾ കേട്ടു. ഇന്നിപ്പോൾ കേരളം ആയിരം കടന്ന സ്ഥിതിക്ക് ഞാൻ ഒരഭിപ്രായം പറയാം. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന 28 ദിവസങ്ങൾ.

ഇന്നിപ്പോൾ കേരളത്തിൽ ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിർത്തി കടക്കുകയാണ്. ഇനിയിത് ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ആകും. മരണസംഖ്യയും കൂടുകയാണ്. ഇന്ന് തന്നെ നാലുപേർ മരിച്ചു, ഇനി അത് ഇരട്ടിയാകും, ദിവസേന പത്തും ഇരുപതും അതിലപ്പുറവും ആകും. കൊറോണ നമ്മുടെ അടുത്തെത്തും, നമ്മൾ അറിയുന്നവർക്ക് രോഗം ബാധിക്കും, നാം അറിയുന്ന ആരെങ്കിലും മരിക്കാനും മതി.

91 പേർക്ക് കൊറോണ വന്ന ദിവസമാണ് കേരളം സന്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ദിവസം ആയിരം കടന്നിട്ടും നമ്മൾ ലോക്ക് ഡൗണിൽ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൌൺ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവരാരും ഇപ്പോൾ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല എന്നതിൽ നമുക്ക് അത്ഭുതം തോന്നേണ്ടതല്ലേ? ഇതാണ് "പുഴുങ്ങുന്ന മാക്രി" (boiling frog syndrome) എന്ന് പറയുന്ന അവസ്ഥ. ഒരു തവളയെ ചൂട് വെള്ളത്തിൽ എടുത്തിട്ടാൽ അതവിടെ നിന്നും ഉടൻ ചാടി രക്ഷപെടും. അതേ തവളയെ പച്ച വെള്ളത്തിലിട്ടിട്ട് അതിനടിയിൽ പതുക്കെ ചൂടാക്കിതുടങ്ങിയാൽ തവള അവിടെത്തന്നെയിരിക്കും. കാരണം പതുക്കെപ്പതുക്കെ ചൂട് കൂടിവരുന്നത് അത് ശ്രദ്ധിക്കില്ല. അവസാനം വെള്ളം തിളക്കുന്നതോടെ തവള സ്വയം പുഴുങ്ങി മരിക്കുകയും ചെയ്യും. കേരളത്തിൽ ആയിരം എത്തിയത് വെള്ളം പതുക്കെ ചൂടാകുന്നതു പോലെയാണ്. പത്തായി, നൂറായി, അഞ്ഞൂറായി, ആയിരമായി അങ്ങനെ. ഓരോ ദിവസത്തെ നന്പർ കാണുന്പോഴും നാം ചുറ്റും നോക്കുന്നു, നാം സുരക്ഷിതമാണെന്ന് കാണുന്നതോടെ എന്നാൽ പിന്നെ അടുത്ത ദിവസം വൈകീട്ട് നോക്കാം എന്ന് പറഞ്ഞ് മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നു.

ഞാൻ ഇന്നലെ പറഞ്ഞത് പോലെ കേരളത്തിനേക്കാൾ മുൻപ് പ്രതിദിനം ആയിരം കേസുകൾ കടന്ന പ്രദേശങ്ങൾ അനവധിയുണ്ട്. ഇറ്റലിയിൽ മാർച്ച് ഏഴിന് ആയിരം കടന്നു (14 ന് 3000 വും 21 ന് 6000 വും കടന്നു). ഡൽഹിയിലും ചെന്നെയിലുമൊക്കെ ആയിരം കടന്ന് പല ആയിരങ്ങളിലേക്ക് പോയി. അവിടങ്ങളിൽ കേസുകളുടെ എണ്ണം ഇപ്പോൾ താഴേക്കാണ്. അത് വെറുതെ സംഭവിച്ചതല്ല. ശക്തമായ നടപടികളിൽ കൂടിയാണ് അത് സാധ്യമായത്. നമുക്കും അത് വേണ്ടി വരും. ഹോട്സ്പോട്ടും കണ്ടൈൻമെന്റും മാറി കർഫ്യൂവും ലോക്ക് ഡൗണും അടങ്ങിയ കർശന നടപടികൾ അധികം താമസിയാതെ കേരളത്തിലും ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

അത്തരം ശക്തമായ നടപടികൾ എന്താകുമെന്നോ എപ്പോൾ വരുമെന്നോ നമുക്ക് അറിയില്ല. ഈ നടപടികൾ ഒരാഴ്ചക്കകം ഉണ്ടാകുമെന്നും അതിന് ശേഷമുള്ള നാലാഴ്ചയിൽ കൊറോണയിവിടെ കുന്നു കയറി ഇറങ്ങാൻ തുടങ്ങുമെന്നുമാണ് എന്നാണ് എൻറെ കണക്കുകൂട്ടൽ. നമ്മുടെ വ്യക്തി സുരക്ഷക്ക് സർക്കാരി​​െൻറ ശക്തമായ നടപടികൾ വരുന്നത് നോക്കിയിരിക്കേണ്ട കാര്യമില്ല. സർക്കാർ പറയുന്നതെല്ലാം നമ്മൾ തീർച്ചയായും അനുസരിക്കണം. അതിലും കൂടുതൽ സ്വയം ചെയ്യാൻ നമുക്ക് ആരുടേയും സമ്മതം വേണ്ടല്ലോ. ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ എവിടേയും കൊറോണ ഉണ്ടാകാമെന്നും, കണ്ടൈൻമ​െൻറ്​ വരുമെന്നും, നമുക്ക് ആരിൽ നിന്നും രോഗം കിട്ടുമെന്നും ഇപ്പോൾ നമുക്ക് ബോദ്ധ്യമുള്ളതിനാൽ നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൌൺ പോളിസി എടുക്കാവുന്നതേ ഉള്ളൂ.

വരും ദിവസങ്ങളിൽ നിങ്ങൾ എത്ര കുറവ് ആളുകളുമായി കണ്ടുമുട്ടുന്നോ അത്രയും കൂടുതൽ സുരക്ഷിതരാണ്. അതായത് നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടെങ്കിൽ അത് ചെയ്യുക. നിങ്ങൾ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കിൽ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കുകയൊ തുറന്നിരിക്കുന്ന സമയം കുറക്കുകയോ ചെയ്യുക. വീട്ടിലേക്കുള്ള അതിഥികളുടെയും സന്ദർശകരുടെയും കച്ചവടക്കാരുടെയും ജോലിക്കാരുടെയും വരവ് പരമാവധി കുറക്കുക. പുറത്തിറങ്ങുന്നത് ലോക്ക് ഡൌണിൽ എന്നപോലെ അത്യാവശ്യത്തിന് മാത്രമാക്കുക. കൈകഴുകൽ, മാസ്ക്, സാമൂഹിക അകലം തുടങ്ങിയ ശീലങ്ങൾ തുടരുക. എത്ര ആളുകളുമായി കാണുന്നുവോ അത്രയും റിസ്ക്ക് കൂടുതലാണ് എന്ന അടിസ്ഥാന തത്വം ഇപ്പോഴും ഓർമ്മിക്കുക. ഒന്നാമത്തെ ലോക്ക് ഡൌൺ കാലത്ത് ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാവുമെന്ന് നമ്മൾ കരുതിയെങ്കിലും അതുണ്ടാകാത്തതിനാൽ കൂടുതൽ ധൈര്യത്തോടെ നമുക്ക് സെൽഫ് ലോക്ക് ഡൗണിന് തയ്യാറാകാം. സാന്പത്തികമായി നിങ്ങൾ തയ്യാറാണെങ്കിൽ പിന്നെ ഇക്കാര്യത്തിൽ വൈകിക്കേണ്ട കാര്യമില്ല.

ഒപ്പം മാനസികമായ വെല്ലുവിളികളും വരാൻ പോവുകയാണ്. ആറു മാസമായി ഈ മാരണം നമ്മുടെ പുറകേ കൂടിയിട്ട്. നമ്മുടെ തൊഴിലിനെ, വരുമാനത്തെ, കുട്ടികളുടെ വിദ്യാഭ്യാസത്തെ, യാത്രകളെ, സാമൂഹിക ആവശ്യങ്ങളെ, പ്രേമത്തെ, കച്ചവടത്തെ എല്ലാം ഇത് പ്രതികൂലമായി ബാധിച്ചു. എങ്ങനെയും നമുക്ക് ഈ സാഹചര്യത്തെ നേരിട്ടേ പറ്റൂ. ദേഷ്യം വന്നതുകൊണ്ടോ നിരാശരായത് കൊണ്ടോ പ്രയോജനമില്ല. നമ്മുടെ ചുറ്റുമുള്ളവരോട് പെരുമാറുന്പോൾ ഇക്കാര്യം ശ്രദ്ധിക്കണം. നമ്മളും അവരും മാനസിക സംഘർഷത്തിലാണ്. എല്ലാവരുടെയും സംസാരം പൊതുവെ നെഗറ്റീവ് ആകുന്നതിനാൽ വേഗത്തിൽ ദേഷ്യം വരാം. വീട്ടിലും, ഓഫീസിലും, സമൂഹത്തിലും ഒരുമ (cohesion) നിലനിർത്തുക പ്രധാനമാണ്. അതത്ര എളുപ്പമല്ലാത്തതിനാൽ ചുറ്റും നടക്കുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും അറിയുന്ന മൈൻഡ് ഫുൾനസ്സ് പ്രാക്ടീസ് ചെയ്തു പഠിക്കുക.
നമ്മൾ കടന്നു പോകുന്നത് ചരിത്രപരമായി പ്രസിദ്ധമാകാൻ പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ്. കൊറോണക്കാലത്തെ നമ്മൾ അതിജീവിച്ചത് എങ്ങനെയെന്ന് ഒരിക്കൽ നമ്മുടെ കൊച്ചുമക്കളോട് പറയാനുള്ള അവസരമുണ്ടാകും. അത് കൊണ്ട് ഓരോ കഥയും ഓർക്കുക. പക്ഷെ ജീവനോടെ ഇരുന്നാലേ കൊച്ചു മക്കളെ കാണാൻ പറ്റൂ. !

കേരളത്തിലെ ഒട്ടനവധി ആളുകൾക്ക് ഞാൻ പറയുന്നത് പോലെയുള്ള തീരുമാനങ്ങൾ എടുക്കാൻ സാന്പത്തിക പരാധീനതകളുണ്ടെന്ന് എനിക്കറിയാം. ജീവനാണോ ജീവിതമാണോ പ്രധാനമെന്ന് ചിന്തിക്കേണ്ടി വരുന്നത് എളുപ്പമല്ല. ആദ്യം ജീവിതമാണെന്ന് തോന്നുമെങ്കിലും പിന്നീട് പ്രശ്നം വല്ലാതെ വഷളാകുന്പോൾ ജീവനാണ് പ്രധാനമെന്ന് മനസ്സിലാകും. അത് തിരിച്ചു കിട്ടി എന്ന് തോന്നുന്പോൾ ജീവിതമാണ് വലുത് എന്ന് തോന്നും. സർക്കാർ ഇക്കാര്യം ചിന്തിച്ചാണ് തീരുമാനമെടുക്കുന്നത്. അത് അപ്പാടെ അനുസരിക്കുക.

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പോലെ ഇതൊരു മാരത്തോൺ ആണ്, നമുക്ക് ക്ഷീണം ഉണ്ടാകുമെങ്കിലും വിശ്രമിക്കാനുള്ള സാഹചര്യമല്ല. ഓടി തീർത്തേ പറ്റൂ. ഒന്നാമത്തെ ലോക്ക് ഡൌൺ കാലത്ത് എങ്ങനെയാണ് ലോക്ക് ഡൗണിനെ നേരിടേണ്ടത് എന്ന് ഞാൻ പലതവണ എഴുതിയിരുന്നു. മൂന്നു മാസം ലോക്ക് ഡൗണിൽ ഇരുന്ന നിങ്ങൾക്ക് ഇനി അതിന്റെയൊന്നും ആവശ്യമില്ല, കാര്യങ്ങൾ പരിചിതമാണ്. അത് സർക്കാർ പറഞ്ഞതിന് ശേഷം നമ്മൾ തുടങ്ങണോ, വ്യക്തിപരമായി തുടങ്ങണോ എന്നത് നിങ്ങളുടെ സാഹചര്യമനുസരിച്ച് ചിന്തിച്ച് തീരുമാനിക്കുക. സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി


Full View

Tags:    
News Summary - someone may dead who we know; coming 28 days are cruicial -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.