പാലക്കാട്: ‘‘വീട്ടുമുറ്റത്ത് എന്റെ മക്കളായ സുൽഫത്തിനും ഷമീമക്കും ഒപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സിറാജുന്നീസ. പതിയെ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റുനിന്ന ഉടൻ വലിയ വെടിശബ്ദം. അവൾ നിലത്തുവീണ് പിടഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ ഞാൻ അടുത്തെത്തിയപ്പോൾ അവളുടെ മുഖമാകെ ചോരയിൽ കുതിർന്നിരുന്നു.
മൂക്കിന്റെ ദ്വാരത്തിലൂടെ കടന്ന് തലയോട്ടി പിളർന്ന് വെടിയുണ്ട തെറിച്ചുപോയ അവസ്ഥ. സിറാജുന്നീസയുടെ അമ്മാവനും എന്റെ ഭർത്താവുമായ സുലൈമാനെ വിളിക്കാൻ കരഞ്ഞുകൊണ്ട് ഞാൻ ഓടി. അദ്ദേഹമെത്തി അവളെ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് വാഹനം കിട്ടാനായി പാഞ്ഞു. കൂടിനിന്ന പൊലീസുകാർ അദ്ദേഹത്തെ പൊതിരെ തല്ലി. കുട്ടിക്ക് വെടിയേറ്റുവെന്ന് അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഉടൻ പൊലീസ് ജീപ്പിൽ കയറ്റി ജില്ല ആശുപത്രിയിലേക്കു പോയി. എങ്കിലും എല്ലാം കഴിഞ്ഞിരുന്നു’ - പൊലീസ് വെടിവെച്ചു കൊന്ന പതിനൊന്നുവയസ്സുകാരി സിറാജുന്നീസയുടെ അമ്മായി സൗരിയത്തിന്, 1991 ഡിസംബർ 15ലെ കാഴ്ചകൾ മറക്കാനാവില്ല. കേരളത്തിലെ ഏറ്റവും വലിയ പൊലീസ് ഭീകരതകളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സിറാജുന്നീസ വധത്തിന് ഇന്ന് 33 വയസ്സ്. പുതുപ്പള്ളിത്തെരുവിൽ സിറാജുന്നീസ വെടിയേറ്റുവീണ തെരുവ് ഇപ്പോൾ ‘സിറാജുന്നീസ റോഡാ’ണ്.
കലാപത്തിന് കോപ്പുകൂട്ടി എന്നാണ് സിറാജുന്നീസക്കെതിരെ എഫ്.ഐ.ആറിൽ പൊലീസ് എഴുതിച്ചേർത്തത്. സംഭവം വിവാദമായതോടെ പുതുപ്പള്ളിത്തെരുവില്നിന്ന് മുസ്ലിം ആക്രമിക്കൂട്ടം സിറാജുന്നീസയുടെ നേതൃത്വത്തില്‍ തൊട്ടടുത്ത നൂറണി ഗ്രാമം ആക്രമിച്ചു, ഇതിനെതിരെ പൊലീസ് വെടിവെച്ചു എന്ന കഥ മെനഞ്ഞു. എന്നാല്‍, ഈ കഥ തെറ്റാണെന്ന് പറഞ്ഞ് നൂറണിയിലെ ബ്രാഹ്മണ സമാജം പൊലീസിനെതിരെ രംഗത്തെത്തി.
ഇത് ചോദ്യംചെയ്യപ്പെട്ടതോടെ പൊലീസ് കഥ മാറ്റി. ആക്രമികളെ വെടിവെക്കുന്നതിനിടെ ഒരു വെടിയുണ്ട വൈദ്യുതിതൂണില്‍ തട്ടി കുട്ടിയുടെ ദേഹത്ത് പതിച്ചു എന്നായി പുതിയ കഥ. എന്നാല്‍, വെടിവെപ്പ് നടന്ന കാലത്ത് ആ പരിസരത്ത് വൈദ്യുതി തൂൺ ഇല്ലായിരുന്നു. അത് പിന്നീടാണ് സ്ഥാപിച്ചത്. ‘‘മുസ്ലിംകളുടെ മൃതദേഹം കാണണം’’ എന്നാക്രോശിച്ച് പുതുപ്പള്ളിത്തെരുവില്‍ വെടിവെക്കാന്‍ ഉത്തരവിട്ടു എന്ന ആരോപണം ഉയർന്ന രമണ്‍ ശ്രീവാസ്തവ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടായത് പിൻകാല ചരിത്രം.
അവൾ താമസിച്ച വീട് പുതുക്കിപ്പണിതിടത്താണ് അമ്മാവൻ സുലൈമാനും സൗരിയത്തും ഇപ്പോൾ താമസിക്കുന്നത്. മകള്‍ കൊല്ലപ്പെട്ട് അധികം വൈകാതെ മാതാവ് നഫീസ മരിച്ചു. പിതാവ് മുസ്തഫ പാലക്കാട് നഗരത്തിന്റെ മറ്റൊരു കോണില്‍ ചെറിയ കൈത്തൊഴിലുകള്‍ ചെയ്ത് ജീവിക്കുന്നു. സഹോദരിമാരായ ആത്തിക്കയും മുംതാസും വിവാഹിതരായി മാറിത്താമസിച്ചു. സഹോദരൻ നസീറിന് വ്യവസായ വകുപ്പ് ഓഫിസിൽ ജോലി കിട്ടി. മറ്റൊരു സഹോദരൻ അബ്ദുല്‍ സത്താറും ഉപജീവനം തേടി പുതുപ്പള്ളിത്തെരുവ് വിട്ടു.
33 വർഷം മുമ്പാണെങ്കിലും അന്നുണ്ടായ ഞെട്ടൽ ഇന്നും പുതുപ്പള്ളിത്തെരുവിനെ വിട്ടൊഴിഞ്ഞിട്ടില്ല. പ്രഹസനമായ അന്വേഷണങ്ങള്‍ക്കും പൊലീസ് ഭാഷ്യം ആവർത്തിച്ച ജുഡീഷ്യല്‍ കമീഷനും മുന്നില്‍ നിസ്സഹായരാകാനേ പുതുപ്പള്ളിത്തെരുവുകാർക്കായുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.