ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തം കഠിന തടവാക്കിയ സുപ്രീംകോടതി വിധി ചോദ്യം ചെയ്ത് കേരള സര്‍ക്കാറും സൗമ്യയുടെ മാതാവും സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. വ്യാഴാഴ്ച ഇരു അഭിഭാഷകരും ഈ ആവശ്യമുന്നയിച്ചപ്പോള്‍ വിധി പറഞ്ഞ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ഒരെതിര്‍പ്പും കൂടാതെ ഈ ആവശ്യം അംഗീകരിച്ചു. ഹരജികള്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പരിഗണിക്കും.
വ്യാഴാഴ്ച രാവിലെ സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, സൗമ്യയുടെ മാതാവിനുവേണ്ടി ഹാജരായ അഡ്വ. ഹുസൈഫ് അഹ്മദി എന്നിവര്‍ തങ്ങള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജികള്‍ തുറന്നകോടതിയില്‍ വാദത്തിനെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനകം താന്‍ അതിന് ഉത്തരവിട്ടുകഴിഞ്ഞെന്നായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മറുപടി.
സൗമ്യകേസില്‍ വിധി പറഞ്ഞ പ്രത്യേക ബെഞ്ച് ഉച്ചക്ക് രണ്ടു മണിക്ക് ചേര്‍ന്ന് പുനഃപരിശോധനാ ഹരജി പരിഗണിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍, ഉച്ചക്ക് രണ്ടുമണിക്ക് അറ്റോര്‍ണി ജനറല്‍ മുകുല്‍ രോത്തഗിയെയാണ് കേരളത്തിനായി വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നതെന്നും ആരോഗ്യ കാരണങ്ങളാല്‍ അദ്ദേഹത്തിന് വരാന്‍ കഴിയില്ളെന്നും കേരളത്തിന്‍െറ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. നിഷെ രാജന്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് മുമ്പാകെ ബോധിപ്പിച്ചു. അത് മതിയെന്നായിരുന്നു ജസ്റ്റിസ് ഗോഗോയിയുടെ മറുപടി.
കേസ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി, പ്രഫുല്ല സി. പന്ത്, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കും. അറ്റോണി ജനറലിന് പകരം മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ കെ.ടി.എസ്. തുളസി ഹാജരാകും. സൗമ്യയുടെ മാതാവിനുവേണ്ടി അഡ്വ. ഹുസൈഫ് അഹ്മദിക്ക് പുറമെ അഡ്വ. ആല്‍ജോ ജോസഫും ഹാജരായി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് മുമ്പില്‍ നിയമപരമായി ബാക്കിയുള്ള രണ്ട് നടപടികളില്‍ ആദ്യത്തേതാണ് പുനഃപരിശോധനാ ഹരജി. തുറന്ന കോടതിക്ക് പകരം ജഡ്ജിമാരുടെ ചേംബറിലാണ് സാധാരണഗതിയില്‍ ഇത് പരിഗണിക്കാറുള്ളത്. എന്നാല്‍, തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെ സജീവമായവാദത്തിന് കേരള സര്‍ക്കാറിന് ഒരവസരം കൂടി ലഭ്യമായി.
പ്രമാദമായ കേസില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു അടക്കമുള്ളവര്‍ വിമര്‍ശവുമായി വന്ന സാഹചര്യത്തിലാണ് അഭിഭാഷകര്‍ ആവശ്യമുന്നയിക്കും മുമ്പെ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ഉത്തരവിറക്കിയെന്ന് കരുതുന്നു. സൗമ്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഗോവിന്ദച്ചാമി അക്രമിച്ചു എന്നതിന് തെളിവില്ളെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വധശിക്ഷ ഏഴ് വര്‍ഷം കഠിന തടവാക്കി മാറ്റുകയായിരുന്നു. കീഴ്കോടതി പ്രതിക്ക് വിധിച്ച 394, 397, 447 വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം കഠിനതടവും മൂന്നു മാസം മറ്റൊരു കഠിനതടവും ശരിവെച്ച സുപ്രീംകോടതി ഇവയെല്ലാം ജീവപര്യന്തത്തോടൊപ്പം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.