തിരുവനന്തപുരം: വരുമാന കാര്യത്തിൽ ദക്ഷിണ റെയിൽവേയിലെ ആദ്യ 10 റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ തിരുവനന്തപുരവും എറണാകുളം സൗത്തും കോഴിക്കോടും. തിരുവനന്തപുരം നാലാം സ്ഥാനത്തും എറണാകുളം അഞ്ചാം സ്ഥാനത്തും കോഴിക്കോട് ഒമ്പതാം സ്ഥാനത്തുമായാണ് പട്ടികയിൽ ഇടംപിടിച്ചത്.
205.81 കോടി രൂപയാണ് തിരുവനന്തപുരം സ്റ്റേഷന്റെ 2022-23 വർഷത്തെ വരുമാനം. എറണാകുളത്തിനാകട്ടെ 193.34 കോടിയും കോഴിക്കോടിന് 148.90 കോടിയുമാണ്. 1085 കോടി രൂപ വരുമാനം നേടിയ ചെന്നൈ സെൻട്രലാണ് ഒന്നാമത്. 525 കോടി രൂപ വരുമാനമുള്ള ചെന്നൈ എഗ്മോർ രണ്ടാമതാണ്.
2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയുടെ ആകെ വരുമാനത്തിൽ 25 ശതമാനം വളർച്ച നേടിയെന്നാണ് റെയിൽവേയുടെ കണക്ക്. മുൻ വർഷത്തേക്കാൾ 49,000 കോടി രൂപ കൂടുതൽ നേടി 2.40 ലക്ഷം കോടിയാണ് വരുമാനം. ചരക്ക് വരുമാനത്തിലും കുതിപ്പാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻവർഷത്തേക്കാൾ 15 ശതമാനം ഉയർന്ന് 1.62 ലക്ഷം കോടി രൂപയാണ് വരുമാനം. യാത്രക്കാരുടെ വരുമാനം ഉയർന്ന 61 ശതമാനം വളർച്ച രേഖപ്പെടുത്തി 63,300 കോടി രൂപയിലെത്തി. 39,214 കോടി രൂപയാണ് യാത്രക്കാരില്‍നിന്നുള്ള 2022-23 വർഷത്തെ വരുമാനം. 2022-23ൽ റെയിൽവേയുടെ ആകെ ചെലവ് 2,37,375 കോടി രൂപയാണ്. ഇളവുകൾ വെട്ടിക്കുറച്ചും ഫ്ലക്സി നിരക്കിൽ ട്രെയിനുകളോടിച്ചുമാണ് റെയിൽവേ ഈ വരുമാന വർധന നേടിയെന്ന ആരോപണവും ശക്തമാണ്. പ്രീമിയം തത്കാലിൽ നിന്ന് 2399 കോടി രൂപയും തത്കാലിൽനിന്ന് 5937 കോടി രൂപയുമാണ് അഞ്ചു വർഷത്തിനിടെ റെയിൽവേ സമാഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.