തിരുവനന്തപുരം: കേന്ദ്രം പരസ്യ വിയോജനം രേഖപ്പെടുത്തിയതിനു പിന്നാലെ സിൽവർ ലൈൻ പദ്ധതിയുടെ ഭൂമിയേറ്റെടുക്കലിന് വീണ്ടും ഉടക്കിട്ട് ദക്ഷിണ റെയിൽവേ. കേന്ദ്രത്തിന് താൽപര്യമില്ലാത്തതോടെ സംസ്ഥാന സർക്കാർ പദ്ധതി ഏറക്കുറെ കൈയൊഴിഞ്ഞെങ്കിലും സാങ്കേതിക നടപടിക്രമങ്ങൾ തുടരുന്നതിനിടെയാണ് ഭൂമി കൈമാറ്റം എതിർത്ത് ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിന് റിപ്പോർട്ട് കൈമാറിയത്.
സിൽവർ ലൈനിന് 183 ഹെക്ടര്‍ റെയിൽവേ ഭൂമിയാണ് വേണ്ടത്. ഇതു വിട്ടുനൽകാനാവില്ലെന്ന് നേരത്തേതന്നെ ദക്ഷിണ റെയിൽവേ വ്യക്തമാക്കിയിരുന്നു. കെ-റെയിൽ നിരന്തരം നിവേദനം സമീപിച്ചതിനെ തുടർന്ന് സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബോർഡ് ആവശ്യപ്പെടുകയായിരുന്നു.
നിലവിലെ അലൈൻമെന്‍റ് കൂടിയാലോചനകളില്ലാതെയാണെന്നാണ് റെയിൽവേ നിലപാട്. സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തും. ഭാവി റെയിൽ വികസനത്തിന് ഇതു തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമിതികളിലും ട്രെയിൻ സർവിസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും ദക്ഷിണ റെയിൽവേ വ്യക്തമാക്കുന്നു
ഭൂമിയിൽ നല്ലൊരു പങ്കും വികസന ആവശ്യത്തിനു മാറ്റിവെച്ചതാണ്. മാത്രമല്ല, ഇത് ട്രെയിന്‍ സര്‍വിസിനുണ്ടാക്കുന്ന ആഘാതം, റെയില്‍വേ നിര്‍മിതികള്‍ പുനര്‍നിർമിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ പരിഗണിച്ചിട്ടില്ല. ഷൊര്‍ണൂര്‍ മുതല്‍ കാസർകോട് വരെ നിലവിലെ റെയില്‍വേ പാളത്തിനു സമാന്തരമായാണ് സിൽവർ ലൈൻ കടന്നു പോകുന്നത്.
സിൽവർ ലൈനിന് റെയിൽവേ ഭൂമി നൽകുന്നതിൽ വിവരങ്ങളിൽ വ്യക്തത തേടി അഞ്ചുതവണ റെയിൽവേ കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.