കൊച്ചി: സംസ്ഥാനത്ത് ഇനി എല്ലാ വ്യവസായ പാർക്കുകളിലും ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിലും മാലിന്യ പുനഃചംക്രമണത്തിന് (റീസൈക്ലിങ്) സ്ഥലം നിർബന്ധമായി ഒരുക്കണം. 2016ലെ ഖരമാലിന്യ പരിപാലന ചട്ടത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും തദ്ദേശ വകുപ്പ് കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവായി വീണ്ടും പുറത്തിറക്കുകയായിരുന്നു. പ്രത്യേക സാമ്പത്തികമേഖല, ഇൻഡസ്ട്രിയൽ പാർക്ക്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വ്യവസായിക വികസന മേഖലകൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കേണ്ടത്.
ആകെ പ്ലോട്ടിന്റെ അഞ്ചുശതമാനം അല്ലെങ്കിൽ ചുരുങ്ങിയത് അഞ്ചു പ്ലോട്ടുകളോ ഷെഡുകളോ മാലിന്യം വീണ്ടെടുക്കലിനും പുനഃചംക്രമണത്തിനുമായി നീക്കിവെക്കണം എന്നാണ് ഉത്തരവിലുള്ളത്. പ്ലോട്ടുകളും ഷെഡുകളും ഇല്ലാത്തിടത്ത് ഉടൻ കണ്ടെത്തുകയും നീക്കിവെക്കുകയും വേണം. നിലവിൽ നിർദേശിച്ചത്ര അളവിൽ സ്ഥലം നീക്കിവെക്കാൻ സ്ഥലപരിമിതി മൂലം സാധിക്കില്ലെങ്കിലും ലഭ്യമായ ഇടത്ത് പദ്ധതി നടപ്പാക്കണം. പൂർണതോതിൽ സ്ഥലം ഉടൻ കണ്ടെത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതത് തദ്ദേശ സ്ഥാപനങ്ങൾ മുഖേന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനാണ് നിയമം നടപ്പാക്കാനുള്ള അധികാരം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വകുപ്പിന് കൈമാറാനും നിർദേശിച്ചിട്ടുണ്ട്.
2016ലെ ഖരമാലിന്യ പരിപാലന ചട്ടത്തിൽ വ്യവസായ മേഖലയിലെ റീസൈക്ലിങ് സംവിധാനം ഒരുക്കണമെന്ന് പറയുന്നുണ്ടെങ്കിലും പല സ്ഥാപനങ്ങളിലും നടപ്പാക്കിയിട്ടില്ല. വ്യവസായ പാർക്കുകളിൽ മാലിന്യ സംസ്കരണമുൾപ്പെടെ വലിയ ബാധ്യതയാവുന്ന സാഹചര്യത്തിലാണ് പുതുക്കിയ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.