തിരുവനന്തപുരം: ഹൈകോടതി അയോഗ്യനാക്കിയ കെ.എം. ഷാജിക്ക് നിയമസഭയില്‍ എത്താന്‍ സുപ്രീംകോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ. കോടതിയില്‍നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടണം. നിലവിൽ ഷാജിയെ അയോഗ്യനാക്കിയ ഹൈകോടതി വിധി ലഭിച്ചിട്ടുണ്ട്. രേഖാമൂലം ഉത്തരവ് ലഭിക്കണമെന്ന വിവരം കെ.എം. ഷാജിയെ അറിയിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. വിധിക്കെതിരെ കെ.എം. ഷാജിയുടെ ഹരജിയില്‍ ഹൈകോടതി അനുവദിച്ച സ്േറ്റയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും.
നിയമനിർമണത്തിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 27നാണ് ആരംഭിക്കുക. തെരഞ്ഞെടുപ്പ് കേസിൽ കേരളാ ഹൈകോടതി അയോഗ്യനാക്കിയ കെ.എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. തനിക്കെതിരായ ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ അടിയന്തര തീർപ്പ് കൽപിക്കണമെന്നും ചൂണ്ടിക്കാട്ടി കെ.എം ഷാജി നൽകിയ അപ്പീൽ ഹരജിയിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ഹൈകോടതിയുടെ താൽകാലിക സ്റ്റേയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ നിർദേശം.
ലഘുലേഖകളിലൂടെ മതവികാരം ഉണർത്തിയും എതിർസ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തിയും ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗിലെ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കിയത്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന തൊട്ടടുത്ത എതിർ സ്ഥാനാർഥിയും ഹരജിക്കാരനുമായ സി.പി.എമ്മിലെ എം.വി. നികേഷ്കുമാറിന്റെ ആവശ്യം തള്ളിയ കോടതി ഹരജിക്കാരന് കോടതിച്ചെലവായി 50,000 രൂപ ഷാജി നൽകണമെന്നും ഉത്തരവിട്ടിരുന്നു. തുടർന്ന്, അപ്പീൽ നൽകാൻ സമയം നൽകുന്നതിന്റെ ഭാഗമായി ഉത്തരവ് നടപ്പാക്കുന്നത് ഇതേ ബെഞ്ച് രണ്ടാഴ്ചത്തേക്ക് തടയുകയും ചെയ്തു.
മതസ്പർധ അഴിച്ചുവിടുന്ന പ്രചാരണം നടത്തിയാണ് കെ.എം. ഷാജി 2016ലെ തെരഞ്ഞെടുപ്പിൽ ജയിച്ചതെന്നും തന്നെ അപകീർത്തിപ്പെടുത്തുന്ന ലഘുലേഖകൾ മണ്ഡലത്തിൽ വ്യാപകമായി വിതരണം ചെയ്തെന്നുമായിരുന്നു നികേഷ്കുമാർ വാദിച്ചത്. ‘ദൈവത്തിനടുക്കൽ അമുസ്ലിമിന് സ്ഥാനമില്ലെന്നും മുസ്ലിമായ തന്നെ വോട്ട് നൽകി അനുഗ്രഹിക്കണമെന്നും’ പറയുന്ന ലഘുലേഖയാണ് ഷാജിക്കുവേണ്ടി മണ്ഡലത്തിൽ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിനുപുറമെ നികേഷിനെ അപമാനിക്കുന്ന ആരോപണങ്ങളടങ്ങുന്ന ലഘുലേഖകളും മണ്ഡലത്തിൽ വിതരണം ചെയ്തിരുന്നു.
ഇത്തരം നടപടികൾ സ്ഥാനാർഥിയുടെയോ തെരഞ്ഞെടുപ്പ് ഏജൻറിന്റെയോ അറിവോടെ തന്നെയാണെന്ന് വിലയിരുത്തിയ കോടതി ജനപ്രാതിനിധ്യ നിയമത്തിലെ 123 (3), 123 (4) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കണ്ടെത്തി. തുടർന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. അതേസമയം, എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ സമുദായഭ്രഷ്ട് അടക്കമുള്ള നടപടികളുണ്ടാകുമെന്ന തരത്തിലെ ഭീഷണിയോ നിർബന്ധപൂർവമുള്ള പ്രേരണകളോ ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഹരജിക്കാരന്റെ ഇതുസംബന്ധിച്ച ആരോപണം തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.