കൊച്ചി: സ്പീക്കർ ശ്രീരാമകൃഷ്ണൻ ദുരുദ്ദേശ്യത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നും താൽപര്യത്തിന് വഴങ്ങാത്തതിനാൽ ഒമാനിലെ മിഡിൽ ഇൗസ്റ്റ് കോളജിൽ വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചെന്നും സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ഇ.ഡിക്ക് നൽകിയ മൊഴി പുറത്ത്. അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുമ്പോൾ 2020 ഡിസംബർ 16ന് ഇ.ഡിയുടെ ചോദ്യം ചെയ്യലിലാണ് മൊഴി നൽകിയത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹരജിയിൽ ഇൗ മൊഴിയടക്കമുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. ഒമാനിലെ മിഡിൽ ഇൗസ്റ്റ് കോളജിൽ ശ്രീരാമകൃഷ്ണന് പൊന്നാനി സ്വദേശി ലഫീർ മുഖേന നിക്ഷേപമുണ്ടെന്ന മൊഴി നേരേത്ത പുറത്തുവന്നിരുന്നു.
കുറച്ചുകാലെമ സ്പീക്കർപദവി ഉണ്ടാകൂവെന്നും അതിനിടെ സമ്പാദ്യമുണ്ടാക്കണമെന്നും ഇത് കോൺസൽ ജനറലിനോട് പറയണമെന്നും ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. തുടർന്ന് കോൺസൽ ജനറലിനെ പരിചയപ്പെടുത്തി. തന്നെ പലതവണ ഒൗദ്യോഗികവസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഒരിക്കൽ താനും ഭർത്താവ് ജയശങ്കറും ശിവശങ്കറിനൊപ്പം അത്താഴത്തിന് ചെന്നപ്പോൾ മിഡിൽ ഇൗസ്റ്റ് കോളജിൽ തന്നെ നിയമിക്കണമെന്ന് ശിവശങ്കർ പറഞ്ഞത് ശ്രീരാമകൃഷ്ണൻ സമ്മതിച്ചു. രണ്ടുതവണ പേട്ടയിലെ മരുതം ഫ്ലാറ്റിലേക്ക് ശ്രീരാമകൃഷ്ണൻ ക്ഷണിച്ചു. തെൻറ ഒളിത്താവളമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഒരിക്കൽ സരിത്തിനൊപ്പം അവിടെ പോയി. അദ്ദേഹത്തിെൻറ താൽപര്യങ്ങൾക്ക് വഴങ്ങാത്തതിനാൽ മിഡിൽ ഇൗസ്റ്റ് കോളജിൽ നിയമിക്കുന്ന നടപടി ഉപേക്ഷിച്ചു. യു.എ.ഇയിലെ കാര്യങ്ങൾക്ക് കോൺസൽ ജനറലിെൻറ സഹായം വേണമായിരുന്നതിനാൽ തന്നോട് അടുക്കാൻ ശ്രമിച്ചിരുന്നു. ഒരുദിവസം സരിത്തുമായി പേട്ടയിലെ ഫ്ലാറ്റിലെത്താൻ ആവശ്യപ്പെട്ടതനുസരിച്ച് ഭർത്താവിനൊപ്പം പോയി. കോൺസൽ ജനറലിന് നൽകാൻ ഒരു പാക്കറ്റടങ്ങിയ ബാഗ് സരിത്തിനെ ഏൽപിച്ചു. പാക്കറ്റ് കോൺസൽ ജനറലിനെ ഏൽപിച്ചശേഷം ബാഗ് അദ്ദേഹത്തിെൻറ ഒാർമക്കായി സൂക്ഷിക്കാൻ പറഞ്ഞു. ബാഗിൽ കറൻസിയാണെന്ന് സരിത്ത് പിന്നീട് പറഞ്ഞു.
പേട്ടയിലെ ഫ്ലാറ്റ് മറ്റാരുടെയോ പേരിലാണെങ്കിലും തെൻറയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ദുരുദ്ദേശ്യത്തോടെ തന്നെ അവിടേക്ക് വിളിക്കുമ്പോൾ സേഫായ സ്ഥലമാണതെന്ന് ഉറപ്പിക്കാനാണ് ഇൗ സത്യം പറഞ്ഞത്. തന്നെ തുടർച്ചയായി വിളിക്കുകയും വാട്സ്ആപ് സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. സന്ദീപിെൻറ സ്ഥാപനം ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ സൗജന്യമായി ഒന്നും ചെയ്യില്ലെന്നായിരുന്നു മറുപടി. സന്ദീപും സരിത്തും വിലകൂടിയ വാച്ച് സമ്മാനമായി നൽകിയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചത്. സമ്മാനം സ്വീകരിച്ച അദ്ദേഹം വന്നു. സ്റ്റാർട്ടപ് മിഷനിലൂടെ സന്ദീപിെൻറ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ശിവശങ്കറിനോട് ആവശ്യപ്പെട്ടു. സ്ഥാപനത്തെ സ്റ്റാർട്ടപ് മിഷനിലൂടെ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. ചില കെ.എസ്.ആർ.ടി.സി ബസുകൾ സൗജന്യമായി ഡീ കാർബണൈസ് ചെയ്യാനും അതുവഴി സർക്കാർ കരാർ തരപ്പെടുത്താനും പദ്ധതിയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.