തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭ ശിപാർശ തള്ളിയ ഗവർണറുടെ നടപടിയെ വിമർശിച്ച് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മന്ത്രിസഭയെ ഗവർണർ വിശ്വാസത്തിൽ എടുക്കണമായിരുന്നുവെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.
സഭാ സമ്മേളനം ചേരുന്നതിനുള്ള അടിയന്തര പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ്. മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്‍റെ അന്തസത്ത എന്നും സ്പീക്കർ വ്യക്തമാക്കി.
കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സേമ്മളനം വിളിക്കാനുള്ള മന്ത്രിസഭ ശിപാർശ കഴിഞ്ഞ ദിവസം ഗവർണർ ശ്രീരാമകൃഷ്ണൻ തള്ളിയിരുന്നു. സഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനുമതി നിഷേധിച്ചത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് നിയമസഭ ചേരാനുള്ള മന്ത്രിസഭ ശിപാർശ ഗവർണർ തള്ളുന്നത്.
സഭ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് ചോദിച്ചത്, എന്നാൽ അടിയന്തിര സാഹചര്യം വിശദീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ല. ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. മന്ത്രിസഭയുടെ ആവശ്യം എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ മറുപടി കത്തിൽ ഗവർണർ വ്യക്തമാക്കി.
ഗവർണറുടെ നടപടി നിർഭാഗ്യകരമാണെന്ന് കോൺഗ്രസും പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.