വെള്ളക്കരം വർധിപ്പിക്കൽ: മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്ങ്

തിരുവനന്തപുരം: നിയമസഭ സമ്മേളനം നടക്കുന്നതിനിടെ വെള്ളക്കരം വർധിപ്പിച്ച്​ ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച്​ സ്പീക്കർ. ഭാവിയിൽ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സ്പീക്കർ എ.എൻ. ഷംസീർ റൂളിങ്​ നൽകി. സഭാസമ്മേളന കാലയളവിലാണ്​ വെള്ളക്കരം വർധിപ്പിച്ചതെന്നും ഇത്തരം തീരുമാനങ്ങള്‍ സഭയിൽതന്നെ ആദ്യം പ്രഖ്യാപിക്കുന്നതാണ് കീഴ്വക്കമെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ്​ പാർലമെന്‍ററി കാര്യ സെക്രട്ടറി എ.പി. അനിൽകുമാർ ഉന്നയിച്ച ക്രമപ്രശ്നത്തിനായിരുന്നു ​ചെയറിന്‍റെ റൂളിങ്.

വെള്ളക്കരം വർധിപ്പിച്ചത്​ ഭരണപരമായ ഒട്ടേറെ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടതിന്റെ തുടര്‍ച്ചയാണെന്നും സര്‍ക്കാറിന്റെ നയതീരുമാനത്തിന്റെ ഭാഗമായി വന്നതല്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ വിശദീകരിച്ചു. ഇക്കാര്യം പരിശോധിച്ച സ്പീക്കർ, നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്​ സഭാ സമ്മേളന വേളയിലാണെങ്കില്‍ സഭയിൽതന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്വക്കമുണ്ടെന്ന്​ ​ഓർമിപ്പിച്ചു. അതാണ് ഉത്തമമായ മാതൃകയെന്ന്​ മുന്‍കാല റൂളിങ്ങിൽ പറഞ്ഞിട്ടുണ്ട്​.

വെള്ളക്കരം വർധിപ്പിക്കാൻ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് ഭരണപരമായ നടപടിയാണെങ്കിലും എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഒരു തീരുമാനമാണിത്​. സഭ സമ്മേളനത്തിലായിരുന്ന സാഹചര്യത്തിൽ ഇക്കാര്യം സഭയിൽതന്നെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഉത്തമമായ ഒരു മാതൃകയായേനെ. ഭാവിയില്‍ എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്നാണ്​ പ്രതീക്ഷയെന്നും സ്പീക്കർ വ്യക്തമാക്കി.  

Tags:    
News Summary - Speaker's ruling against Minister Roshi Augustian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.