പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പെട്ടിയിൽ പണം എത്തിച്ചെന്ന് കണ്ടെത്താനായിട്ടില്ലെന്നും തുടർ നടപടികൾ ആവശ്യമില്ലെന്നും അന്വേഷണ സംഘം പാലക്കാട് എസ്.പിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. യു.ഡി.എഫ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിനു പിന്നാലെ പാതിരാത്രി ഹോട്ടലിൽ നടത്തിയ പരിശോധന ഉൾപ്പെടെ തെരഞ്ഞെടുപ്പു കാലത്ത് വലിയ വിവാദമായിരുന്നു.
വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിൽ പരിശോധന നടത്തിയതെന്ന് പൊലീസ് പറയുന്നു. പിന്നീട് സി.പി.എം നൽകിയ പരാതിയിൽ കേസെടുത്തില്ലെങ്കിലും സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ആരോപണത്തിനപ്പുറം സി.പി.എമ്മിന്‍റെ കൈവശം തെളിവുകളില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ നവംബർ അഞ്ചിന് അർധരാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്.
രാത്രി 12.10ന് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പരിശോധനക്കു ശേഷം അറിയിച്ചിരുന്നു. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് സംഘം പരിശോധനക്ക് എത്തിയത് വിമർശനത്തിന് വഴിവെച്ചു. തൊട്ടടുത്ത ദിവസം ബാഗുമായി വാർത്ത സമ്മേളനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, സി.പി.എമ്മിനെ കടന്നാക്രമിക്കുകയും ഏത് പരിശോധനക്കും പെട്ടി ഹാജരാക്കാൻ തയാറാണെന്നും പറഞ്ഞു. തുടർന്ന് ഉപതെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സജീവ ചർച്ചയിലുണ്ടായിരുന്ന വിഷയം ഒടുവിൽ അന്വേഷണ സംഘവും കൈയൊഴിയുന്നതോടെ സി.പി.എം വീണ്ടും പ്രതിരോധത്തിലാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.