തിരുവനന്തപുരം: മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുവാനോ, നിലവിൽ അംഗീകരിച്ച നിയമനങ്ങൾ പുന:പരിശോധിക്കുവാനോ നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് വന്ന വാർത്ത തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ റിട്ട് അപ്പീൽ 1445/2022 ഉൾപ്പെടെയുള്ള ഒരു കൂട്ടം ഹjജികളുടെ 2023 മാർച്ച് 13ലെ വിധിന്യായത്തിന്റെ അവസാന ഖണ്ഡികയിലെ നാലാമത്തെ അഡിഷണൽ നിർദേശ പ്രകാരം, 2021 നവംമ്പർ എട്ടിന് ശേഷം ഉണ്ടാകുന്ന ഒഴിവുകളിൽ 2022 ആഗസ്റ്റ് 10ലെ വിധി ന്യായത്തിലേയും റിട്ട് അപ്പീലിലെ വിധിന്യായത്തിലേയും നിർദേശങ്ങൾ പാലിച്ചു കൊണ്ട് ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് വരെ, എയ്ഡഡ് സ്കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ മാത്രമേ ബന്ധപ്പെട്ട മാനേജർമാർ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.
ഈ നിർദേശം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സർക്കാർ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, ഹൈകോടതി വിധിന്യായങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന നിയമന പ്രപ്പോസലുകൾ തിരികെ നൽകുന്നതിനും അവ വിധിന്യായം പാലിച്ച് സമർപ്പിക്കുമ്പോൾ അംഗീകരിക്കുന്നതിനും വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.
പരസ്പര വിരുദ്ധമോ, അവ്യക്തമായതോ ആയ സർക്കുലറുകൾ എന്ന് പറയുന്നുണ്ടെങ്കിലും അവ ഏതെന്ന് പത്രവാർത്തയിൽ വ്യക്തമാക്കിയിട്ടില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അപ്രകാരമുള്ള സർക്കുലറുകൾ നൽകിയിട്ടുമില്ല. എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിയമനാംഗീകാര നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ മാത്രമാണ് ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ളത് മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.