മുനമ്പം നിവാസികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് സമരം നടത്തും-വി.ഡി. സതീശൻ

കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടുമുള്ള സമരവും പ്രചരണവും യു.ഡി.എഫും കോണ്‍ഗ്രസും സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രശ്‌നത്തെ വര്‍ഗീയവത്ക്കരിച്ച് രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാക്കി മാറ്റാനുള്ള ഹീന ശ്രമമാണ് ചിലര്‍ നടത്തുന്നത്.

അതിനെ കേരളം ഒറ്റക്കെട്ടായി നേരിടും. മുനമ്പത്തേത് പത്തു മിനിട്ടു കൊണ്ടു തീര്‍ക്കാവുന്ന പ്രശ്‌നമാണ്. എന്നാല്‍ സര്‍ക്കാര്‍ അത് വലിച്ചു നീട്ടിക്കൊണ്ടു പോകുന്നത് നല്ലതല്ല. കമീഷനില്‍ നിന്നും എത്രയും വേഗം റിപ്പോര്‍ട്ട് വാങ്ങി പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക ഉത്തരവിറക്കി കര്‍ഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചത്.

അതേ മാതൃകയില്‍ കേരള സര്‍ക്കാരിനും മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാവുന്നത്. പ്രശ്‌നം മനപൂര്‍വം നീട്ടിക്കൊണ്ടു പോയി ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെങ്കില്‍ അതിനെ യു.ഡി.എഫ് ചെറുത്ത് തോല്‍പ്പിക്കും. സമര സമിതിയുമായി സംസാരിക്കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കിയപ്പോഴാണ് ഉന്നതതല യോഗം വിളിക്കാന്‍ പോലും സര്‍ക്കാര്‍ തീരുമാനിച്ചത്.

മുനമ്പത്തെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലേ? തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും ഗുണം കിട്ടിക്കോട്ടെയെന്നു കരുതിയാണ് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോയത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നു പറഞ്ഞത് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച നിസാര്‍ കമീഷനാണ്.

പാലക്കാട് നടന്നത് പാതിരാ നാടകമാണെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായം രണ്ടു തവണ അടിവരയിടുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്. സ്ഥാനാർഥി പെട്ടിയുമായി വന്നെന്ന പ്രചരണം നടത്തി രാത്രി പന്ത്രണ്ടരക്ക് വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ മാത്രം റെയ്ഡ് നടത്തി പാതിരാ നാടകം നടത്തിയ മന്ത്രി എം.ബി. രാജേഷും അളിയനും വനിതാ നേതാക്കളോടും ജനങ്ങളോടും മാപ്പ് പറയണം.

സെര്‍ച്ച് വാറണ്ട് പോലും ഇല്ലാതെയാണ് ഈ വൃത്തികേട് കാട്ടിയത്. കത്ത് നാടകവും പാതിരാ നാടകവും പെട്ടി നാടകവും സ്പിരിറ്റ് നാടകവും പരസ്യ നാടകവും സന്ദീപ് വാര്യരെ സംബന്ധിച്ച പ്രചരണവും ഉള്‍പ്പെടെയുള്ളവ പൊളിഞ്ഞു പോയി. ബി.ജെ.പിയെ ജയിപ്പിക്കുന്നതിനു വേണ്ടിയാണ് മൂന്നാം സ്ഥാനത്തുള്ള സി.പി.എം കോണ്‍ഗ്രസിനെതിരെ ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കിയത്. ഈ നാടകങ്ങള്‍ക്കൊക്കെ ഉത്തരവാദിയായ മന്ത്രി എം.ബി രാജേഷും സി.പി.എമ്മും പൊതുസമൂഹത്തോട് മാപ്പ് പറയണം.

എം.എല്‍.എയുടെ മകന് ആശ്രിത നിയമനം നല്‍കിയത് ലോകായുക്തയിലും ചോദ്യം ചെയ്യപ്പെട്ടതാണ്. നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ കോടതിയും കണ്ടെത്തിയിരിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.