ആദിവാസി വിഭാഗങ്ങൾക്ക് അവരുടെ താമസസ്ഥലത്തിന് പട്ടയം അനുവദിക്കുന്നതിന് പ്രത്യേക മാർഗരേഖ

തിരുവനന്തപുരം: ആദിവാസി വിഭാഗങ്ങൾക്ക് അവരുടെ താമസസ്ഥലത്തിന് പട്ടയം അനുവദിക്കുന്നതിന് പ്രത്യേക മാർഗരേഖ തയാറാക്കിയെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര നിയമമായ വനാവകാശ നിയമപ്രകാരം പട്ടികവർഗക്കാർക്ക് വനാവകാശരേഖ നൽകും. ഇതോടൊപ്പം ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം ഭൂരഹിതരായ പട്ടിക വർഗക്കാർക്ക് ഭൂമി കണ്ടെത്തി വിലക്ക് വാങ്ങി നൽകുന്നുണ്ട്.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വനാവകാശ നിയമപ്രകാരം 1369 പേർക്ക് 1699.04 ഏക്കർ ഭൂമിയുടെ അവകാശ വിതരണം ചെയ്തു. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 198 ഗുണഭോക്താക്കൾക്ക് 38 ഏക്കർ ഭൂമി അനുവദിച്ചു. നിക്ഷിപ്തമനുഭൂമി വിതരണം ചെയ്യാൻ കേന്ദ്ര അനുമതി ലഭിച്ച 7669.22 ഹെക്ടറിൽ 5190.26 ഹെക്ടർ വനം വകുപ്പിൽ നിന്നും റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്.

അതിൽ 1988.65 ഹെക്ടർ ഗുണഭോക്താക്കൾക്ക് പട്ടികവർഗക്കാർക്ക് ഉൾപ്പെടെ അനുവദിച്ചു.1993ലെ ഭൂപതിവ് പ്രത്യേക ചട്ടങ്ങൾ, 2001ലെ സർക്കാർ ഭൂമി പട്ടികവർഗങ്ങൾക്ക് പതിച്ചു നൽകൽ ചട്ടങ്ങൾ എന്നിവ പ്രകാരവും 1971ലെ സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചു നൽകലും നിയമവും ചട്ടങ്ങളും പ്രകാരമാണ് മലയോര പട്ടികവർഗ മേഖലകളിലെ പട്ടയങ്ങൾ അധികവും നൽകുക.

മലയോര ആദിവാസി ഭൂമികളുടെ വിതരണം വേഗത്തിലാക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊഡ്യൂസർ തയാറാക്കി. ഇത് വിപുലീകരിക്കാൻ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ എം.എൽ.എമാരുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടെ യോഗം ചേരും. എല്ലാ മണ്ഡലത്തിലും ഇതിനായി ഉയർന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകും.

ഇതിൽ വരുന്ന പട്ടയ പ്രശ്നങ്ങൾക്ക് തടസങ്ങൾ പരിഹരിക്കാൻ പ്രത്യേക നടപടികൾ ലാൻഡ് റവന്യൂ കമ്മീഷണത്തിൽ ഒരുക്കിയിട്ടുണ്ട്. ലാൻഡ് ട്രൈബ്യൂണലിൽ നിലനിൽക്കുന്ന കേസുകൾ വേഗത്തിൽ വിചാരണ നടത്തി ഫയൽ തീർപ്പാക്കാൻ ടാർജറ്റ് നൽകി പ്രവർത്തനം തുടങ്ങി. താലൂക്ക് ലാൻഡ് ബോർഡിലെ കേസുകൾ തീർപ്പാക്കാൻ നാലു മേഖലകൾ ആക്കി തിരിച്ച് പ്രത്യേക ഡെപ്യൂട്ടി കലക്ടർമാർക്ക് ചുമതല നൽകാനുള്ള തയാറെടുപ്പിലാണ്.

പട്ടയ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാം വൈദ്യുതി ജലവിഭവവും തദേശ പൊതുമരാമത്ത് വകുപ്പുകളും ആയി പ്രത്യേകമായി ചർച്ചകൾ തുടങ്ങി. ആദിവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പട്ടികജാതി വർഗ വകുപ്പുമായും ചർച്ചകൾ നടത്തി. ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തിയാണ് പട്ടയമിഷൻ നടപ്പിലാക്കാൻ പോകുന്നത്.

ഇതിനായി സംസ്ഥാനതലത്തിൽ ലാൻഡ് റവന്യൂ കമീഷണറേറ്റിലും ജില്ലാതലത്തിൽ കലക്ടറേറ്റിലും താലൂക്ക് തലത്തിലും പ്രത്യേകം സെല്ലുകൾ രൂപീകരിക്കും. ഈ പദ്ധതിക്കായി 2023ലെ ബഡ്ജറ്റിൽ രണ്ടു കോടി പ്രഖ്യാപിച്ചു. ഈ സർക്കാർ അധികാരമേറ്റ് ആദ്യ ഒരു വർഷക്കാലയളവിനുള്ളിൽ 54,535 പട്ടയങ്ങൾ വിതരണം ചെയ്തു. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമപദ്ധതിയുടെ ഭാഗമായി 40,000 പട്ടയങ്ങൾ എങ്കിലും വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

സംസ്ഥാനത്തെ അർഹരായ ഭൂരഹിതരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യം വേഗത്തിൽ പ്രാവർത്തികമാക്കാനാണ് പട്ടയമിഷന് സർക്കാർ രൂപം നൽകിയത്. പട്ടയ അപേക്ഷകളും പട്ടയം നൽകാനുള്ള തടസങ്ങളും രേഖപ്പെടുത്താൻ പട്ടയ ഡാഷ് ബോർഡ് നിലവിൽ വന്നുവെന്ന് മന്ത്രി അറിയിച്ചു.

Tags:    
News Summary - Special guidelines for allotment of land titles to tribal communities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.