കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങളിൽ ശക്തമായ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ‘അമ്മ’ സംഘടനക്ക് വീഴ്ച പറ്റിയെന്നും സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാനാവില്ലെന്നും താരം തുറന്നടിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നടൻ നിലപാട് വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ സിനിമ മേഖലയെയും സൂപ്പർ സ്റ്റാറുകളെയും എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന് ‘എങ്ങനെ ബാധിക്കണമോ അങ്ങനെത്തന്നെ ബാധിക്കണം. ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം ഉണ്ടാകണം. അന്വേഷണത്തിനൊടുവിൽ കുറ്റം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷാ നടപടികളുണ്ടാകണം. അങ്ങനെ തന്നെയേ ഇതിന് ഒരവസാനമുണ്ടാകാൻ സാധിക്കുകയുള്ളൂ..’ എന്നായിരുന്നു മറുപടി.
ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടണമെന്നും പൃഥ്വിരാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശിക്ഷാനടപടി ഉണ്ടായാലേ ഇതിനറുതി വരൂ. മറിച്ച് ആരോപണം കള്ളമാണെന്ന് തെളിഞ്ഞാൽ ഉന്നയിച്ചവർക്കെതിരെയും നടപടി വേണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുടെ പേര് പുറത്തുവിടുന്നതിലേ നിയമ പ്രശ്നമുള്ളൂ. ആരോപണ വിധേയരുടെ പേര് പുറത്തുവരുന്നതിൽ നിയമപരമായി പ്രശ്നമുണ്ടെന്ന് കരുതുന്നില്ല. പേര് പുറത്തുവിടണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരത്തിലിരിക്കുന്നവരാണ്. ഹേമ കമീഷനു മുന്നിൽ ആദ്യം സംസാരിച്ചവരിൽ ഒരാളാണ് താൻ. റിപ്പോർട്ടിലെ തുടർ നടപടികളെ പറ്റി അറിയാൻ താനും ആകാംക്ഷയിലാണ്.
താരസംഘടനയായ അമ്മയ്ക്ക് അംഗങ്ങളുടെ പരാതി പരിഹരിക്കുന്നതിൽ വീഴ്ച പറ്റിയെന്നും നടൻ വ്യക്തമാക്കി. വർഷങ്ങൾക്കു മുമ്പ് നടി നൽകിയ പരാതിയിൽ നടപടിയെടുക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് സംശയമില്ല. ശക്തമായ നടപടിയും ഇടപെടലും പരാതികളിൽ അമ്മയിൽ നിന്നുണ്ടാവുകയും സംഘടന തിരുത്തുകയും വേണം. വിവിധ സ്ഥാനങ്ങളിലിരിക്കുന്നവർക്കെതിരെ ആരോപണമുയർന്നാൽ സ്ഥാനത്തുനിന്ന് മാറി അന്വേഷണം നേരിടുകയാണ് മര്യാദ.
പവർ അതോറിറ്റിയുടെ ഇടപെടൽ തനിക്കെതിരെ ഉണ്ടായിട്ടില്ല എന്ന് താൻ പറഞ്ഞാൽ അങ്ങനെയൊരു പവർ ഗ്രൂപ്പ് ഇല്ല എന്ന് തനിക്കവകാശപ്പെടാൻ കഴിയില്ല. അവരാൽ ബാധിക്കപ്പെട്ടവർ മലയാള സിനിമയിലുണ്ടെങ്കിൽ അവരുടെ പരാതികൾ കേൾക്കണം. ഇത്തരം ലോബികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് ഇല്ലാതാക്കണം. പാർവതിക്ക് മുമ്പ് സിനിമയിൽ വിലക്ക് നേരിടേണ്ടി വന്നയാൾ താനാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.