തിരുവനന്തപുരം: നടിമാരുടെ ആരോപണത്തിൽ മുകേഷ് എം.എൽ.എ സ്ഥാനത്ത് തുടരണമോ എന്ന കാര്യത്തിൽ ചർച്ച കൂടാതെ നിലപാട് പറയാൻ സാധിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുകേഷ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നു. സർക്കാർ നിലപാടിലാണ് ശരിയുള്ളത്. മുഖ്യമന്ത്രി പറഞ്ഞ കാര്യം പൂർണമായി ശരിയാണെന്ന് സി.പി.ഐ പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സിനിമ അടക്കം എല്ലാ മേഖലയിലും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലക്കൊള്ളുന്നത്. സ്ത്രീ സാന്നിധ്യം ഏറെയുള്ള മേഖലയാണ് സിനിമ. മലയാള സിനിമയുടെ മഹത്വത്തിന് പിറകിൽ മികവ് തെളിയിച്ച സ്ത്രീകളുടെ സാന്നിധ്യമാണ്.
സ്ത്രീകളെ അവഗണിച്ചു കൊണ്ടോ ഒഴിവാക്കി കൊണ്ടോ ഒരു മലയാള സിനിമയില്ല. ആ സ്ത്രീകളുടെ സ്വാതന്ത്ര്യം, സുരക്ഷ അടക്കമുള്ളവ സംരക്ഷിക്കാൻ വേണ്ടിയാണ് ഇടതുപക്ഷം നിലക്കൊള്ളുന്നത്. ഇടതുപക്ഷ കാഴ്ചപ്പാടിനെ മുറുകെ പിടിക്കുന്നതാണ് സി.പി.ഐ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിനിമ കോൺക്ലേവ് എന്ന ആശയം തെറ്റല്ല. എന്നാൽ, കോൺക്ലേവിന് നവംബർ മാസം വരെ കാത്തിരിക്കണോ എന്ന കാര്യം സർക്കാർ ചിന്തിക്കണമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.