കരിപ്പൂർ: ഇക്കുറി ഹജ്ജിന് പോകുന്ന വനിത തീർത്ഥാടകർക്ക് മാത്രമായി പ്രത്യേക സർവിസുമായി എയർഇന്ത്യ എക്സ്പ്രസ്. വനിത തീർത്ഥാടകർക്കായി വനിതകൾ നിയന്ത്രിക്കുന്ന പ്രത്യേക വിമാനമാണ് ഇത്തവണ എയർ ഇന്ത്യ ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നായിരിക്കും ആ പ്രത്യേക സർവിസ്. 145 വനിത തീർത്ഥാടകർ മാത്രമാണ് വിമാനത്തിലുണ്ടായിരിക്കുക. ഈ വിമാനത്തിന്റെ പൈലറ്റും ഫസ്റ്റ് ഓഫിസറും ക്രൂ അംഗങ്ങളും വനിതകളായിരിക്കും.
കരിപ്പൂർ: ഇന്ത്യയിൽ നിന്നും ഈ വർഷത്തെ ഹജ്ജ് സർവിസിന് എട്ട് വിമാനകമ്പനികൾ. ആദ്യമായാണ് ഇത്ര കമ്പനികൾ സർവിസ് നടത്തുന്നത്. ഇതിൽ അഞ്ചും ഇന്ത്യൻ കമ്പനികളാണ്. സാധാരണ സൗദി എയർലൈൻസ്, ഫ്ലൈ നാസ്, എയർഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവയാണ് സർവിസ് നടത്താറുളളത്. ഇക്കുറി ഇവർക്ക് പുറമെ എയർഇന്ത്യ എക്സ്പ്രസ്, വിസ്താര, ഇൻഡിഗോ എന്നീ ഇന്ത്യൻ കമ്പനികളും സൗദി വിമാനകമ്പനിയായ ഫ്ലൈ അദീലും സർവിസ് നടത്തുന്നുണ്ട്. നേരത്തെ, ഗോ ഫസ്റ്റിന് പത്തിടങ്ങളിൽ നിന്നുളള കരാർ ലഭിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ സർവിസ് മറ്റ് കമ്പനികൾക്ക് വീതിച്ചു നൽകുകയായിരുന്നു. 20 ഇടങ്ങളിൽ നിന്നാണ് ഇക്കുറി സർവിസുളളത്. നേരത്തെ, 22 ആയിരുന്നു. റാഞ്ചിയും വാരാണസിയും പിന്നീട് ഒഴിവാക്കി.
സൗദി എയർലൈൻസും സ്പൈസ് ജെറ്റും അഞ്ചിടങ്ങളിൽ നിന്ന് സർവിസ് നടത്തും. അഹമ്മദാബാദ്, കൊച്ചി, ഡൽഹി, ലഖ്നൗ, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് സൗദിയ സർവിസ്. ഔറംഗബാദ്, ഭോപാൽ, ഗയ, ശ്രീനഗർ, വിജയവാഡ എന്നിവിടങ്ങളിൽ നിന്നും സ്പൈസ് ജെറ്റും. വിസ്താര ബംഗളൂരു, ഹൈദരാബാദ്, എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, കണ്ണൂർ, എയർഇന്ത്യ ജയ്പൂർ, ചെന്നൈ, ഇൻഡിഗോ ഗുവാഹത്തി, ഇൻഡോർ, ഫ്ലൈ അദീൽ കൊൽക്കത്ത, ഫ്ലൈ നാസ് നാഗ്പൂരിൽ നിന്നുമാണ് സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.